യു.കെ.വാര്‍ത്തകള്‍

ചെവിയിലെ അണുബാധയ്ക്കു ചികിത്സ; യുകെയില്‍ ഇന്ത്യന്‍ ദന്തഡോക്ടറുടെ മരണത്തില്‍ ദുരൂഹത

ചെറിയ പനിയും ചെവിവേദനയെയും തുടര്‍ന്ന് ചികിത്സ തേടിയ 36കാരനായ ഇന്ത്യന്‍ ദന്തഡോക്ടര്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത. മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഡോക്ടറുടെ കുടുംബം. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ യാര്‍മില്‍ താമസിച്ചിരുന്ന പരന്‍ നിത്യാനന്ദന്‍ ആണ് 2024 ഫെബ്രുവരി 18ന് മരിച്ചത്. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ചികിത്സയിലുണ്ടായ വീഴ്ചകളുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് കുടുംബം നിയമസഹായം തേടിയിരിക്കുന്നത്.

രണ്ടു കുട്ടികളുടെ പിതാവായ പരന് ആദ്യം പനി, ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. പിന്നീട് ചെവിവേദന കൂടി. ഫെബ്രുവരി 11ന് അടിയന്തര ചികിത്സാ കേന്ദ്രത്തിലെത്തിയ അദ്ദേഹത്തിന് പുറംചെവിയിലെ അണുബാധയായ ഒട്ടൈറ്റിസ് എക്സ്റ്റേര്‍ണ അഥവാ സ്വിമ്മേഴ്‌സ് ഇയര്‍ ആണെന്ന് കണ്ടെത്തി ആന്റിബയോട്ടിക് ഇയര്‍ ഡ്രോപ്സ് നല്‍കി. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടില്ല. ഫെബ്രുവരി 13ന് ഭാര്യ ക്ലെയര്‍ എന്‍എച്ച്എസ് 111 വഴി സഹായം തേടി. വീട്ടിലെത്തിയ ആംബുലന്‍സ് സംഘം പരന്റെ ശരീരോഷ്മാവ് 40.2 ഡിഗ്രി സെല്‍ഷ്യസാണെന്ന് രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ദിവസവും ആരോഗ്യനില മോശമായതോടെ വീണ്ടും ആംബുലന്‍സ് എത്തി. കടുത്ത തലവേദന, വെളിച്ചത്തോടുള്ള അസഹിഷ്ണുത, കഴുത്തുവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് സംശയിക്കപ്പെട്ട ചെവിയിലെ അണുബാധയ്ക്ക് വായിലൂടെ കഴിക്കാനുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ നിര്‍ദേശിച്ചു. എന്നാല്‍ അന്നുതന്നെ രാത്രിയോടെ നില വീണ്ടും വഷളായി. ഭാര്യ 999ല്‍ വിളിച്ചതിനെത്തുടര്‍ന്ന് മൂന്നാമതെത്തിയ ആംബുലന്‍സ് സംഘം പരനെ ആശുപത്രിയിലെത്തിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്ന അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 18ന് മരണം സംഭവിച്ചു.

സ്റ്റോക്ക്ടണിലെ ആല്‍ഫ ഡെന്റല്‍ കെയര്‍ ഫെയര്‍ഫീല്‍ഡില്‍ 13 വര്‍ഷമായി ദന്തഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു പരന്‍. റൂട്ട് കനാല്‍ ചികിത്സയില്‍ മാസ്റ്റേഴ്സ് പഠനവും നടത്തിവരികയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്നുപോയ ഭാര്യ ക്ലെയര്‍ സംഭവിച്ച കാര്യങ്ങളില്‍ വ്യക്തത ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. കേരളത്തിലെ പൂവാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്കൂള്‍ മെഡിക്കല്‍ ക്യാംപ് നടത്തിയ ആളാണ് പരന്‍.

പരന്റെ മരണവുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ ടീസൈഡ് കോടതിയില്‍ നടക്കും. മരണത്തിന് മുന്‍പ് ലഭിച്ച ചികിത്സയും ആരോഗ്യനില അതിവേഗം വഷളായ സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചികിത്സാ നടപടികളില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ, രോഗലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളും ഇന്‍ക്വസ്റ്റില്‍ പരിശോധിക്കപ്പെടും.

  • 70 കഴിഞ്ഞ ഡ്രൈവര്‍മാര്‍ 3 വര്‍ഷത്തിലൊരിക്കല്‍ കാഴ്ച പരിശോധിക്കണം
  • ഇംഗ്ലണ്ടില്‍ ഫ്ലൂ വ്യാപനം; ഒരാഴ്ചയ്ക്കിടെ ആശുപത്രി അഡ്മിഷനില്‍ 80% വര്‍ധന
  • ഭവനഉടമകള്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 500 പൗണ്ട് വര്‍ധന; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • ട്യൂബ് ഡ്രൈവര്‍മാരുടെ സമരത്തില്‍ വലഞ്ഞ് ലണ്ടനിലെ യാത്രക്കാര്‍
  • യുകെയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ 75% പേര്‍ക്കും വംശീയ അധിക്ഷേപം നേരിടേണ്ടിവരുന്നു
  • യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 29 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; കുടിയേറ്റം 62% ഇടിഞ്ഞു
  • ഇംഗ്ലണ്ടില്‍ വേനല്‍ച്ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റെക്കോര്‍ഡില്‍; 2026ല്‍ 5,258
  • കുടുംബങ്ങള്‍ക്കു ജീവിത ചെലവ് പ്രതിസന്ധി; ഭക്ഷ്യവിലക്കയറ്റം 5% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  • ജനുവരിയില്‍ എനര്‍ജി ബില്ലുകള്‍ ഷോക്കാകും; ബില്ലില്‍ 400 പൗണ്ട് വര്‍ധനവ്
  • ഗുരുതര രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആനുകൂല്യം ഉടനടി ലഭ്യമാക്കാന്‍ ശുപാര്‍ശ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions