അസോസിയേഷന്‍

യുക്മ ദേശീയ കായികമേള പുതുക്കിയ തീയതി പ്രഖ്യാപിച്ചു; അടുത്തമാസം 13ന് മിഡ്ലാന്റ്‌സിലെ നൈറ്റീറ്റണ്‍ ദേശീയ മേളക്ക് വേദിയൊരുക്കും

പ്രതികൂല കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിവെക്കപ്പെട്ട യുക്മ ദേശീയ കായികമേളയുടെ തീയതിയും സ്ഥലവും പുതുക്കി നിശ്ചയിച്ചു. ജൂലായ് 13നു ശനിയാഴ്ചയാണ് ദേശീയ കായികമേള അരങ്ങേറുക. മിഡ്ലാന്റ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇത്തവണ കായികമേളക്ക് വേദിയൊരുക്കുന്നത്. യുകെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റണ്‍ പ്രിംഗിള്‍സ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷം യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.

ഇതാദ്യമായാണ് യുക്മ ദേശീയ കായികമേള മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ദിവസം കാലാവസ്ഥ നിരീക്ഷകര്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. കായികമേള മാറ്റിവച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആണ് പുതിയ സ്റ്റേഡിയവും സൗകര്യപ്രദമായ തീയതിയും കണ്ടെത്താന്‍ യുക്മ ദേശീയ നേതൃത്വത്തിനു സാധിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്ക് സൗകര്യപ്രദമായവിധം മിഡ്ലാന്റ്സില്‍ത്തന്നെ കായികമേളക്ക് പുതിയ സ്റ്റേഡിയം കണ്ടെത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുതുക്കിയ തീയതിയും സ്ഥലവും പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പറഞ്ഞു.
ദേശീയ മേളക്ക് മുന്നോടിയായി റീജിയണല്‍ തലത്തില്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും പൂര്‍ത്തിയായിട്ടുണ്ട്. റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. ഈ വര്‍ഷം വടംവലി മത്സരങ്ങള്‍ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ റിലേ മത്സരങ്ങള്‍ മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളില്‍ ദേശീയ മേളയില്‍ ഉണ്ടാവുക.
പ്രധാനപ്പെട്ട റീജിയണുകള്‍ എല്ലാം തന്നെ മുന്‍കൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണല്‍ കായികമേളകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ കായികമേള ജനറല്‍ കണ്‍വീനര്‍ ടിറ്റോ തോമസ് എന്നിവര്‍ അറിയിച്ചു. ഈമാസം ഒന്നിനു ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ലിവര്‍പൂളിലും, യോര്‍ക്ക് ഷെയര്‍ ആന്റ് ഹംബര്‍ റീജിയണല്‍ കായികമേള ലീഡ്സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈമാസം എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണ്‍ കായികമേള ഹേവാര്‍ഡ്സ് ഹീത്തിലും, ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്റ്‌സ് റീജിയണല്‍ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ ആന്‍ഡോവറിലും നടന്നു.
കായികമേള സംഘടിപ്പിക്കാന്‍ കഴിയാതെവന്ന റീജിയണുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും, നിബന്ധനകളുടെ അടിസ്ഥാനത്തില്‍, ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു. ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യുക്മ ദേശീയ കായികമേള വന്‍വിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്.
കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേല്‍വിലാസം
Pingles Stadium, Avenue Road, Nuneaton, CV11 4LX
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions