ഷെറിന്റെ മൃതദേഹം ഒളിപ്പിക്കുമ്പോള്‍ തന്നെ വിഷപാമ്പ് കടിച്ചെങ്കിലെന്ന് ആഗ്രഹിച്ചു ; വിചാരണ വേളയില്‍ വെസ്ലി മാത്യൂസിന്റെ വാക്കുകളിങ്ങനെ യുഎസില്‍ ദത്തുപുത്രി ഷെറിന്‍ മാത്യൂസ് മരിച്ച കേസില്‍ സ്വന്തം പ്രവര്‍ത്തികളില്‍ വേദന അറിയിച്ച് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ്. വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിനെ ഒരിക്കല്‍ കൂടി സംരക്ഷിക്കാന്‍ അവസരം കിട്ടിയെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനെയെന്നു വെസ്ലി കോടതിയില്‍ പറഞ്ഞു.
പാലു കുടിക്കുമ്പോള്‍ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചതോടെയുണ്ടായ ഭയം കൊണ്ടാണ് പിന്നീടുള്ളതെല്ലാം സംഭവിച്ചത്. അടിയന്തര സഹായം തേടുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നുവെന്നും വെസ്ലി പറഞ്ഞു. കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
പാലു കുടിക്കാന്‍ വിസമ്മതിച്ചതോടെ താന്‍ ഒച്ചയെടുത്തെന്നും ഇതു കേട്ട് ഭയന്ന കുട്ടിയ്ക്ക് ശ്വാസ തടസ്സമുണ്ടായി അബോധാവസ്ഥയിലായെന്നും വെസ്ലി പറഞ്ഞു. സിപിആര്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഭയം കൊണ്ട് 911 ല്‍ വിളിച്ചില്ല. ശരീരം തളര്‍ന്നുപോയപോലെയായി. പിന്നീട് ആരും അറിയാതെ മൃതദേഹം ഒളിപ്പിക്കാന്‍ തീരുമാനിച്ചു. നഴ്സായ ഭാര്യയും കുഞ്ഞും അറിയാതെ മൃതദേഹം കലിങ്കിന് സമീപം എത്തിച്ചു. അതിനകത്ത് കയറുമ്പോള്‍ വിഷപാമ്പ് തന്നെ കടിക്കണമെന്ന് ഒരു നിമിഷം ആഗ്രഹിച്ചു. അങ്ങനെ കുഞ്ഞിനൊപ്പം ചേരാമെന്ന് കരുതി. ആ രാത്രിയെ കുറിച്ചാലോചിക്കുമ്പോള്‍ ഇന്നും ഭയമാണെന്ന് വെസ്ലി കോടതിയില്‍ പറഞ്ഞു.