വിദേശം

ദുബായ് രാജകുമാരി ലണ്ടനില്‍ എത്തിയത് 31 ദശലക്ഷം പൗണ്ടുമായി; ഹായ രാജകുമാരി ദുബായ് വിട്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടെന്നും രാജകുടുംബം

ബെര്‍ലിന്‍: ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ ഹായ രാജകുമാരി രണ്ട് മക്കള്‍ക്കൊപ്പം നാടുവിട്ടത് 31 ദശലക്ഷം പൗണ്ടുമായെന്ന് റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ നാടുവിട്ട ഹായ അല്‍ ഹുസൈനും രണ്ട് മക്കളും ലണ്ടനില്‍ ഒളിച്ചുതാമസിക്കുകയാണെന്നാണ് സൂചന. യു.എ.ഇയും ജര്‍മനിയുമായുള്ള നയതന്ത്ര ബന്ധത്തില്‍പ്പോലും സംഭവം ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. അതിനിടെ, ഹായയെ തിരികെ കൈമാറണമെന്ന യു.എ.ഇ.യുടെ ആവശ്യം ജര്‍മനി നിരാകരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.
ഷെയ്ഖ് മുഹമ്മദുമായുള്ള ബന്ധം പിരിഞ്ഞ ഹായ ബിന്റ് അല്‍ ഹുസൈന്‍ രാജകുമാരി ജോര്‍ദന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ധസഹോദരി കൂടിയാണ്. മക്കളായ ജലീല(11)യ്ക്കും സായേദി(9)നുമൊപ്പം ജര്‍മനിയിലേക്ക് ഒളിച്ചോടിയെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഒരുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് ദുബായ് രാജകുടുംബം വിവാദത്തില്‍നിറയുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ ലത്തിഫ ബിന്റ് മുഹമ്മദ് അല്‍ മക്തൂം സുഹൃത്തിനൊപ്പം രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. ഇവരെ ഗോവയില്‍ കടലിലെ യാട്ടില്‍നിന്ന് പിടുകൂടി. പിന്നീട് ലത്തീഫയെക്കുറിച്ച് വിവരമൊന്നുമില്ല. ഹായ രാജകുമാരിയുടെ നാടുവിടലോടെ, ലത്തീഫയുടെ തിരോധാനവും വാര്‍ത്തകളില്‍ നിറയുകയാണ്. ലത്തീഫയെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്
ഹായ രാജകുമാരി ഷെയ്ഖ് മുഹമ്മദിന്റെ ആറാമത്തെ ഭാര്യയാണ്. ജോര്‍ദന്‍ രാജാവിന്റെ അര്‍ധ സഹോദരികൂടിയായ ഹായയുടെ തിരോധാനം വലിയ മാധ്യമശ്രദ്ധ നേടിയിട്ടുമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മെയ് 20 മുതല്‍ പൊതുവേദികളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഫെബ്രുവരിക്കുശേഷം സജീവവുമല്ല. ഹായ രാജകുമാരി ദുബായ് വിട്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടതായും ദുബായ് രാജകുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഒരാഴ്ച നീളുന്ന റോയല്‍ അസ്‌കോട്ട് കുതിരപ്പന്തയത്തില്‍ ഷെയ്ഖ് മക്തൂം തനിച്ച് പങ്കെടുത്തതോടെയാണ് ഹായ രാജകുമാരിയുടെ അസാന്നിധ്യം ശ്രദ്ധേയമായത്. ലണ്ടനില്‍ ജൂണ്‍ 22-ന് ഉദ്ഘാടനച്ചടങ്ങില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം അദ്ദേഹം പങ്കെടുത്തു. സാധാരണ ഈ ചടങ്ങില്‍ ഹായയും പങ്കെടുക്കേണ്ടതായിരുന്നു. അതിനിടെ, ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയ്ഖ് മുഹമ്മദ് എഴുതിയതെന്ന് കരുതുന്ന ഒരു കവിത പ്രത്യക്ഷപ്പെട്ടു. ഇതില്‍ വഞ്ചനയെക്കുറിച്ച് പറയുന്നത് ഹായയെ ഉദ്ദേശിച്ചതാണെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. ഏറ്റവും വിലപിടിച്ചതിനെ നീ വഞ്ചിച്ചു. ഞാന്‍ നിനക്ക് വിശ്വാസവും ഇടവും നല്‍കി എന്ന വരികളാണ് ഹായയെ ഉദ്ദേശിച്ചുള്ളതായി കരുതുന്നത്.
68-കാരനായ ഷെയ്ഖ് മക്തൂമിന് ഹായയടക്കം ആറ് ഭാര്യമാരാണുള്ളത്. ഇരുപതിലേറെ മക്കളുമുണ്ട്. 2004-ലാണ് ഹായയെ മക്തൂം വിവാഹം കഴിച്ചത്. ജൂനിയര്‍ വൈഫ് എന്നാണ് ഹായ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. യൂറാബിയ എന്ന വെബ്സൈറ്റിലാണ് ഇവരുടെ ഒളിച്ചോട്ടം ആദ്യം പ്രത്യക്ഷപ്പെട്ടത്. അമേരിക്കയില്‍നിന്നുള്ള ഡെയ്ലി ബീസ്റ്റ് എന്ന വെബ്സൈറ്റാണ് ഹായയും കുട്ടികളും ലണ്ടനില്‍ ഒളിച്ചുതാമസിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ലണ്ടനില്‍ കെന്‍സിങ്ടണ്‍ കൊട്ടാരത്തെ കവച്ചുവെക്കുന്ന 85 ദശലക്ഷം പൗണ്ട് വിലയുള്ള കൂറ്റന്‍ ബംഗ്ലാവ് ഹായ രാജകുമാരിയുടെ പേരിലുണ്ട്. ഇവരുടെ തിരോധാനത്തെക്കുറിച്ച് ജര്‍മനിയോ യു.എ.ഇ.യോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹായ ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടിയിട്ടുണ്ടെന്നാണ് സൂചന. ജീവിതം അപകടത്തിലായതുകൊണ്ടാകും നാടുവിട്ട് മറ്റൊരു രാജ്യത്ത് രാഷ്ട്രീയാഭയം തേടാന്‍ ഹായ ശ്രമിച്ചതെന്ന് ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് എന്ന മനുഷ്യാവകാശ സംഘടനയിലെ രാധ സ്റ്റെര്‍ലിങ് പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും നേരിട്ട് മടുത്തതാവാം അതിനവരെ പ്രേരിപ്പിച്ചതെന്നും സംഘടന ചൂണ്ടിക്കാട്ടി.
  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions