നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാര്‍ഷിക തിരുനാളുകളിലൊന്നായ 'നോട്ടിങ്ഹാം തിരുനാള്‍' ശനിയാഴ്ച (ജൂലൈ 6) രാവിലെ 9: 30 മുതല്‍ നോട്ടിംഗ്ഹാമിലെ ലെന്‍ടെന്‍ ബൂളിവാര്‍ഡിലുള്ള സെന്റ് പോള്‍സ് കാതോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെയും സീറോ മലബാര്‍ സഭയില്‍നിന്നുള്ള ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും നോട്ടിങ്ഹാം മിഷന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വി. യോഹന്നാന്റെയും തിരുനാള്‍ ഈ വര്ഷം മുതല്‍ സംയുക്തമായാണ് ആചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 9: 30 ന് ഫാ. ഡേവിഡ് പാല്‍മര്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയുടെ അവസാന ദിവസത്തെ പ്രാര്‍ത്ഥനകളും നടക്കും. പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ക്ലിഫ്ടണ്‍ കോര്‍പ്പസ് ക്രിസ്തി പള്ളിവികാരി ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ എസ്. സി. ജെ. മുഖ്യകാര്‍മ്മികനാകും. ഫാ. ജോബിന്‍ കൊല്ലപ്പള്ളില്‍ എസ്. ഡി. വി. (ബെര്‍മിംഗ്ഹാം) തിരുനാള്‍ സന്ദേശം നല്‍കും. വി. കുര്‍ബാനയെത്തുടര്‍ന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാര്‍ത്ഥന, തിരുനാള്‍ പ്രദക്ഷിണം, സമാപന ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നോടുകൂടിയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് സമാപനമാകുന്നത്.
തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ കുട്ടികളുടെ അടിമസമര്‍പ്പണ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാര്‍ത്ഥിക്കുന്നതിനും വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സ്സിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാര്‍ക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി മിഷനിലെ വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന നടന്നു വരുന്നു.
മിഷന്‍ ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്‍മാര്‍, പ്രസുദേന്തിമാര്‍, കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോട്ടിംഗ്ഹാമിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളില്‍ പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമായി സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
തിരുനാള്‍ നടക്കുന്ന ദൈവാലയത്തിന്റെ അഡ്രസ്:
St. Paul's Roman Catholic Church, Lenton Boulevard, Nottingham, NG7 2BY.