വാല്‍സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ നസ്രേത്തെന്നു വിഖ്യാതമായ വാല്‍സിങ്ങാമില്‍ നടത്തപ്പെടുന്ന മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച ആഘോഷമാക്കുവാന്‍ മാതൃ ഭക്തര്‍ ഒഴുകിയെത്തുമ്പോള്‍ മരിയഭക്തി ഗാനങ്ങളാലും, മാതൃ സ്‌തോത്ര ഗീതങ്ങളാലും ആല്മീയ ദാഹമുണര്‍ത്തുവാനും, ഭക്തി സാന്ദ്രവും, സംഗീതാല്‍മകവും ആക്കി മാതൃ സന്നിധേയത്തെ കൂടുതല്‍ മരിയന്‍ അനുഭവമേകുവാന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ പരിശീലനത്തിലും നേതൃത്വത്തിലും വലിയ ഒരു ഗാന ശുശ്രുഷക ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. ലണ്ടന്‍ റീജണല്‍ ചാപ്ലൈന്‍സികളുടെ സഹകാരിയും, രൂപതയുടെ ലിറ്റര്‍ജിക്കല്‍ മ്യൂസിക് കോര്‍ഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങളില്‍ ഗാന ശുശ്രുഷ നയിക്കുന്നത്. ഈ വര്‍ഷം ഗായക പ്രതിഭകളായ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി മുമ്പത്തഞ്ചു അംഗങ്ങള്‍ അണിനിരക്കുന്ന വലിയ കൊയര്‍, മരിയന്‍ ഭക്തിനിര്‍ഗ്ഗമിക്കുന്ന ആല്മീയസംഗീത വിരുന്നാവും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുക.
ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരുവും,ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോര്‍ജ് പനക്കല്‍ അച്ചന്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയന്‍ തീര്‍ത്ഥാടനം 12:45 നു ആരംഭിക്കും.
ഉച്ച കഴിഞ്ഞു 2:45 ന് തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മെത്രാന്‍ മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികരായി പങ്കുചേരും.കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം പിതാവ് തന്നെ നല്‍കപ്പെടുന്നതാണ്. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
മാതൃ ഭക്തര്‍ക്കായിമിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ചൂടന്‍ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ് എന്ന് തീര്‍ത്ഥാടന കമ്മിറ്റി അറിയിച്ചു.
പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിക്കൊണ്ട് വാല്‍സിങ്ങാം തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്ന്, മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാന്‍ തോമസ് പാറക്കണ്ടത്തില്‍ അച്ചന്‍, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവര്‍ ഏവരെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
വിലാസം
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL