കൊല്ലം: വോക്കിങ് കാരുണ്യയുടെ എഴുപത്തിയഞ്ചാമത് സഹായമായ അന്‍പതിനായിരം രൂപ കാന്‍സര്‍ രോഗിയായ ശില്പക്ക് വോക്കിങ് കാരുണ്യ ട്രസ്റ്റീ ശശികുമാര്‍ പിള്ള കൈമാറി. ശില്പ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ശില്‍പയുടെ ഇളയച്ഛനാണ് ചെക്ക് സ്വീകരിച്ചത്. കൊട്ടാരക്കരയില്‍ മുട്ടറയില്‍ താമസിക്കുന്ന മാവേലിക്കോണത് വീട്ടില്‍ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവര്‍ഷം മുന്‍പുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടര്‍ന്നാണ് ശില്‍പയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. നിരവധി ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷമാണ് ശില്‍പയ്ക്ക് ബ്ലഡ് കാന്‍സര്‍ എന്ന മഹാരോഗമാണെന്നു അറിയാന്‍ കഴിഞ്ഞത്. അപ്പോഴേക്കും കൂലിപ്പണിക്കാരായ ജയകുമാറും കുടുംബവും വലിയൊരു കാക്കെണിയില്‍ എത്തിയിരുന്നു. ഒന്നര വര്‍ഷത്തോളമായി പലരുടെയും സഹായത്തോടെ തിരുവനന്തപുരം rcc യില്‍ ആയിരുന്നു ചികിത്സകള്‍ നടത്തിയിരുന്നത്.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ചെയ്താല്‍ മാത്രമേ ശില്‍പയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയു എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അതിനായി ശില്‍പയെ ഇപ്പോള്‍ വെല്ലൂര്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ചകിത്സക്ക് ഏകദേശം അന്‍പതുലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരും എന്നാണ് ഹോസ്പിറ്റലില്‍ നിന്നും പറയുന്നത്. കൂലിപ്പണിയും പശു വളര്‍ത്തലുമായി കഴിയുന്ന ജയകുമാറിനും കുടുംബത്തിനും അവരുടെ മകളുടെ ജീവന്‍ പിടിച്ചു നിറുത്താന്‍ നല്ലവരായ മനുഷ്യ സ്‌നേഹികളുടെ സഹായം തേടുകയല്ലാതെ വേറെ മാര്‍ഗമില്ല. ശില്പ നല്ല ഒരു ഫുഡ്‌ബോള്‍ താരവും പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥിയുമാണ്. ഈ മകള്‍ക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാന്‍ വോക്കിങ് കൈകോര്‍ത്ത നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യ നന്ദി അറിയിച്ചു.