അസോസിയേഷന്‍

അഭിനയ ചക്രവര്‍ത്തിനി ശ്രീദേവിക്ക്‌ യുക്മയുടെ ആദരം; പത്താമത് ദേശീയ കലാമേള 'ശ്രീദേവി നഗറി' ല്‍

സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാന്‍ മടിച്ചുനില്‍ക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് "ശ്രീദേവി നഗര്‍" എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്തു.

മുന്‍ വര്‍ഷങ്ങളിലേത്പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകള്‍ ഈവര്‍ഷം നഗര്‍ നാമകരണ മത്സരത്തില്‍ പങ്കെടുത്തു. ആകെ ആറ് പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അതില്‍ ശ്രീദേവിയുടെ പേര് തന്നെ ഇരുപതോളം ആളുകളാണ് നിര്‍ദ്ദേശിച്ചത് എന്നതുതന്നെ ആ അതുല്യ പ്രതിഭക്ക് തുല്യംവക്കാന്‍ മറ്റൊരാള്‍ ഇല്ല എന്ന സത്യം നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

ശ്രീദേവിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് ജോമി തറവട്ടത്തില്‍ ആണ്. ലണ്ടനിലെ നോര്‍ത്ത് മിഡില്‍സക്സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലിചെയ്യുന്ന ജോമി, എഡ്‌മണ്ടന്‍ മലയാളി അസോസിയേഷന്‍ അംഗമാണ്. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവിനെ തെരഞ്ഞെടുത്തയച്ച എഡ്‌മണ്ടന്‍ മലയാളി അസോസിയേഷന് ഇരട്ടിമധുരമാകുന്നു ജോമിക്ക് ലഭിച്ച ഈ അംഗീകാരം. ദേശീയ കലാമേള വേദിയില്‍ വച്ച് വിജയിയെ ആദരിക്കുന്നതാണ്.

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ എന്‍ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടന്‍ കലാഭവന്‍ മണിയും, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും എല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.

യു കെ യുടെ 'വ്യവസായ നഗരം' എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. നവംബര്‍ രണ്ട് ശനിയാഴ്ച പാര്‍സ് വുഡ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ "ശ്രീദേവി നഗറി"ല്‍ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ എന്നിവര്‍ അറിയിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് 2019 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.

കലാമേള നഗറിന്റെ വിലാസം:-

Parrs Wood High School,
Wilmslow Road, Manchester,
M20 5PG.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions