ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ജപമാല മാസത്തില്‍ മാതൃ വണക്കത്തിന്റെ ഭാഗമായി നടത്തിവരുന്ന പത്തു ദിവസത്തെ കൊന്ത നമസ്‌കാര സമാപനവും പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുന്നാളും സംയുക്തമായി ഒക്ടോബര്‍ 26ന് ശനിയാഴ്ച ആഘോഷിക്കുന്നു. ബെഡ്‌ഫോര്‍ഡിലെ ഔര്‍ ലേഡി കാത്തോലിക് ചര്‍ച്ചില്‍ വെച്ചാണ് തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കൊന്ത നമസ്‌കാരത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. കൊന്ത നമസ്‌കാരത്തിന് ശേഷം വാഴ്വും, ആരാധനയും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ ദിവ്യ ബലി അര്‍പ്പിക്കപ്പെടും. ബെഡ്‌ഫോര്‍ഡ് കുര്‍ബ്ബാന സെന്ററിന്റെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സാജു മുല്ലശ്ശേരില്‍ SDB മുഖ്യ കാര്‍മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്.
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളിലും, കൊന്തനമസ്‌കാരത്തിലും മറ്റു തിരുക്കര്‍മ്മങ്ങളിലും ഭക്തിപുരസ്സരം പങ്കു ചേര്‍ന്ന്, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി തിരുന്നാള്‍ കമ്മിറ്റി അറിയിച്ചു.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാച്ചോര്‍ നേര്‍ച്ച വിതരണം ചെയ്യും. സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.