പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്‌കൂളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ശ്രീദേവി നഗറി'ല്‍ ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകര്‍കര്‍ത്താക്കളില്‍ ഒരാളുമായ കെ ജയകുമാര്‍ ഐ എ എസ് (റിട്ട.) ആണ് ദേശീയ മേളയുടെ ഉദ്ഘാടകന്‍.
കേരളത്തിലെ പ്രഗത്ഭനും വിവാദങ്ങള്‍ക്ക് അതീതനുമായ ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ കെ ജയകുമാര്‍ ഏറെ ശ്രദ്ധേയനാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പദവിയില്‍ ഇരിക്കെ ഉദ്യോഗത്തില്‍നിന്നും വിരമിച്ച അദ്ദേഹം, ആഭ്യന്തര വകുപ്പ് അഡിഷണല്‍ സെക്രട്ടറി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം ഡി, ടൂറിസം - വിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറി തുടങ്ങിയ നിരവധി ഔദ്യോഗീക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
മലയാള സാംസ്‌ക്കാരിക ലോകം കെ ജയകുമാറിനെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഒരുപിടി മനോഹര സിനിമാ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലാണ്. സമകാലീന ചലച്ചിത്ര ഗാന രചയിതാക്കളായിരുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എന്‍ വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവര്‍ക്കൊപ്പം തന്റേതായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ വരികള്‍ ഗാംഭീര്യമാര്‍ന്ന സാഹിത്യ ഭംഗികൊണ്ട് സൗമ്യവും ദീപ്തവുമായി നിലനില്‍ക്കുന്നു.
കുടജാത്രിയില്‍ കുടികൊള്ളും മഹേശ്വരി (നീലക്കടമ്പ്), സായന്തനം നിഴല്‍ വീശിയില്ല (ഒഴിവുകാലം), സൗപര്‍ണ്ണികാമൃത ഗീതികള്‍ പാടും (കിഴക്കുണരും പക്ഷി), ചന്ദനലേപ സുഗന്ധം (ഒരു വടക്കന്‍ വീരഗാഥ); അങ്ങനെ മലയാളി നെഞ്ചിലേറ്റിയ നൂറിലധികം സിനിമാ ഗാനങ്ങള്‍ അടര്‍ന്നുവീണ തൂലിക ചലിപ്പിച്ച മാന്ത്രിക വിരലുകളുമായി കെ ജയകുമാര്‍ യുക്മയുടെ ദേശീയ കലാമേള വേദിയിലേക്കെത്തുന്നു. സരസ്വതീ കടാക്ഷം നിറഞ്ഞ അദ്ദേഹത്തിന്റെ സാന്നിധ്യം ദേശീയ കലാമേള വേദിയെ ധന്യമാക്കുമെന്നത് നിസ്തര്‍ക്കമാണ്.
കലാമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. തെന്നിന്ത്യയില്‍നിന്നുമെത്തി, ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവര്‍ത്തിനി, അന്തരിച്ച ശ്രീദേവിയുടെ സ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് 'ശ്രീദേവി നഗര്‍' എന്ന് നാമകരം നടത്തിയിരിക്കുന്ന മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.
രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ തുടര്‍ച്ചയായി നടക്കുന്ന ദേശീയമേള, റീജിയണല്‍ കലാമേള ജേതാക്കളായ ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന പ്രൗഢ ഗംഭീരവും വര്‍ണ്ണാഭവുമായ വേദികളായിരിക്കും. ഏവരെയും യുക്മ ദേശീയ കലാമേളയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.