തിരുവചനമാരിക്കു കൊടിയിറങ്ങി: എട്ടു റീജിയയണുകളിലായി കൃപാമാരിയില്‍ മുങ്ങിനിവര്‍ന്ന് ആയിരങ്ങള്‍
സൗത്താംപ്ടണ്‍ : യുകെയിലെ എട്ടു പ്രധാന നഗരങ്ങളിലായി നടന്നു വരുകയായിരുന്ന 'ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാം ബൈബിള്‍ കണ്‍വെന്‍ഷന്' ഭക്തിനിര്‍ഭരമായ സമാപനം. ഒക്ടോബര് 22 മുതല്‍ 30 വരെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ടു റീജിയനുകളിലായി നടന്നുവരികയായിരുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ സൗത്താംപ്ടണ്‍ റീജിയനിലാണ് സമാപിച്ചത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മുഖ്യ പ്രഭാഷകന്‍ ഫാ. ജോര്‍ജ്ജ് പനക്കല്‍ വി. സി., മറ്റു കണ്‍വെന്‍ഷന്‍ പ്രഭാഷകര്‍, വിവിധ റീജിയനുകളിലെ വൈദികര്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കി.
കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ജീവിത കടമകളെ ദൈവിക ശുശ്രുഷയായി കരുതണമെന്നു മുഖ്യപ്രഭാഷകനായിരുന്ന റെവ. ഫാ. ജോര്‍ജ്ജ് പനക്കല്‍ ഓര്‍മ്മിപ്പിച്ചു. മക്കളെ വളര്‍ത്തുമ്പോള്‍ ദൈവമക്കളെയെന്നപോലെ കരുതണമെന്നും അത് സ്വര്‍ഗ്ഗം തുറന്നു അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കന്മാര്‍ കുടുംബമാകുന്ന സഭയിലെ കാര്‍മ്മികരാണ്. ഈ പ്രധാന കടമ വിസ്മരിച്ചു ലോകത്തിന്റെ സന്തോഷങ്ങളിലേക്കു മാത്രം ശ്രദ്ധ മാറിപ്പോകുന്ന കാഴ്ചപ്പാടാണ് കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും ദൈവികപദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തു വിശുദ്ധിയിലേക്ക് നയിക്കാനാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഉത്സാഹിക്കുന്നതെന്നു ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. സൗത്താംപ്ടണ്‍ റീജിയണിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന വൈദികരും ധ്യാന പ്രഭാഷകരും വി. ബലിയില്‍ സഹകാര്‍മികരായി. വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍നിന്നായി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.
കണ്‍വെന്‍ഷന്‍ നടന്ന എട്ടു റീജിയനുകളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്തു. എല്ലായിടത്തും കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രുഷകള്‍ ക്രമീകരിക്കുകയും വി. കുമ്പസാരത്തിനു സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആരാധനാസ്തുതിഗീതങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവയും കണ്‍വെന്‍ഷന്‍ ദിവസങ്ങള്‍ക്കു ചൈതന്യം പകര്‍ന്നു. എല്ലാ സ്ഥലങ്ങളിലും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു ബൈബിള്‍ കണ്‍വെന്‍ഷന്‍.
ഡിസംബര്‍ 7 നു ബെര്‍മിംഗ്ഹാമില്‍ വച്ച് നടക്കുന്ന രൂപതാതല വനിതാസംഗമത്തില്‍ രൂപതയിലെ പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. ഇതിനുള്ള പ്രാര്ഥനാപൂര്ണമായ ഒരുക്കത്തിനായി ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പ്പത്തി മുതല്‍ അവസാന പുസ്തകമായ വെളിപാട് വരെ ഇനിയുള്ള ദിവസങ്ങളില്‍ വായിച്ചൊരുങ്ങാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.