അസോസിയേഷന്‍

യുക്മ ദേശീയ കലാമേള നാളെ മാഞ്ചസ്റ്ററില്‍ ;സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ഉദ്ഘാടനവും 'ശ്രീദേവി നഗറി'ല്‍

പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് നാളെ തിരി തെളിയും. ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളില്‍, മുന്‍ കേരളാ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ കെ ജയകുമാര്‍ ഐഎഎസ് മേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അധ്യക്ഷത വഹിക്കും.

തെന്നിന്ത്യന്‍ ചാരുതയുമായി ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവര്‍ത്തിനി അന്തരിച്ച ശ്രീദേവിയുടെ ബഹുമാനാര്‍ത്ഥം 'ശ്രീദേവി നഗര്‍' എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള നഗറില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. കൃത്യം പത്തുമണിക്ക് അഞ്ച് വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ താള ക്രമത്തിന് യാതൊരു വിധത്തിലുമുള്ള അസൗകര്യങ്ങളും ഉണ്ടാകാത്തവിധമാണ് പ്രൗഢ ഗംഭീരമായ ഉദ്ഘാടനസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളില്‍ നിന്നുള്ള വിജയികള്‍ മാറ്റുരക്കുന്ന വേദിയായി മാഞ്ചസ്റ്ററിലെ 'ശ്രീദേവി നഗര്‍' മാറുകയാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ആണ് കലാമേളയുടെ ആതിഥേയര്‍. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, ഇവന്റ് ഓര്‍ഗനൈസര്‍ ഷീജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കലാമേളയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

2010 ല്‍ ബ്രിസ്റ്റോളില്‍ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടര്‍ന്ന് 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍-സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍-ട്രെന്‍ഡിലും ദേശീയ കലാമേളകള്‍ നടന്നു. ലിവര്‍പൂള്‍ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍, യുക്മയുടെ ജന്മഭൂമിയായ ലെസ്റ്റര്‍ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ല്‍ ഹണ്ടിങ്ടണിലും, 2016 ല്‍ വിശ്വമഹാകവി വില്യം ഷേക്സ്പെയറിന്റെ ജന്മനാടായ വാര്‍വിക്കിലും യുക്മ കലാമേളകള്‍ അരങ്ങേറി. ആദ്യമായി ലണ്ടനില്‍ അരങ്ങേറിയ ദേശീയ മേളയായി 2017 ലെ ഹെയര്‍ഫീല്‍ഡ് കലാമേള. 2018 ലെ യുക്മ ദേശീയ കലാമേള ഷെഫീല്‍ഡില്‍ നടന്നു.

യുക്മ സ്റ്റാര്‍സിംഗര്‍ (ജൂനിയര്‍) സീസണ്‍ 4 ഉദ്ഘാടനവും കലാമേള വേദിയില്‍

കലാമേളകള്‍ കഴിഞ്ഞാല്‍ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാര്‍ സിംഗറിന്റെ സീസണ്‍ 4 ഉദ്ഘാടനവും കലാമേള വേദിയില്‍ നടക്കും. യുക്മ സാംസ്‌ക്കാരിക വേദിയും മാഗ്ന വിഷന്‍ ടി വി യും ചേര്‍ന്ന് ഒന്നിച്ചു അണിയിച്ചൊരുക്കുന്ന 'യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4', മുന്‍ സീസണുകളില്‍നിന്നും വ്യത്യസ്തമായി എട്ട് വയസ്സിനും പതിനാറ് വയസ്സിനും ഇടയില്‍ പ്രായമുള്ള ഗായകര്‍ക്ക് വേണ്ടിയാണ് സംഘടിപ്പിക്കപ്പെടുന്നത്.

ശ്രീദേവി നഗറിലേക്ക് സ്വാഗതം

പത്താമത് ദേശീയ കലാമേളയില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ മികവില്‍ ആതിഥേയരായ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ചാമ്പ്യന്മാരാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളിലാണ് മിഡ്ലാന്‍ഡ്സ് റീജിയണും. കിരീടം നിലനിര്‍ത്താന്‍ യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണും, മേളയിലെ കറുത്ത കുതിരകളാകാന്‍ സൗത്ത് വെസ്റ്റും സജ്ജരായിക്കഴിഞ്ഞു. ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏവരെയും മാഞ്ചസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

കലാമേള നഗറിലേക്ക് പ്രവേശിക്കുന്നവര്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെതന്നെ പ്രവേശന ഫീസ് നല്‍കി റിസ്റ്റ് ബാന്‍ഡ് വാങ്ങിയിരിക്കേണ്ടതാണ്. മിതമായ നിരക്കില്‍ വിവിധ ഭക്ഷണ ശാലകള്‍ കലാമേള നഗറില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യവും കലാമേള നഗറില്‍ ഉണ്ടായിരിക്കുന്നതാണ്. മാഗ്ന വിഷന്‍ ടി വി കലാമേള സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

Kalamela Nagar Address:- Parrs Wood High School & 6th Form, Wilmslow Road, Manchester - M20 5PG

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions