സ്പിരിച്വല്‍

'ക്രൈസ്റ്റ് ദി കിംഗ്' ക്‌നാനായ മിഷന്‍ ബെര്‍മിംഗ്ഹാമില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു; എഡിന്‍ബൊറോയില്‍ 'ഹോളി ഫാമിലി' ക്‌നാനായ മിഷന്‍

ബെര്‍മിംഗ്ഹാം: ക്‌നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടാമത്തെ ക്‌നാനായ മിഷന് ബെര്‍മിംഗ്ഹാമില്‍ തുടക്കമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റുവിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടാണ് ദീപം തെളിച്ച് ക്രിസ്തുരാജ (ക്രൈസ്റ്റ് ദി കിംഗ്) ക്‌നാനായ മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍, മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, മറ്റു വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി.

വാല്‍സാള്‍ സെന്റ് പാട്രിക്സ് ദൈവാലയത്തില്‍ വച്ച് ഇന്നലെ വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച മിഷന്‍ സ്ഥാപന തിരുക്കര്‍മ്മങ്ങള്‍ക്കും വാര്‍ഷിക തിരുനാളാഘോഷങ്ങള്‍ക്കും പ്രാരംഭമായി മിഷന്‍ ഡയറക്ടര്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, വിശിഷ്ടാതിഥികള്‍ക്കും വിശ്വാസികള്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാമെത്രാന്റെ ഡിക്രി വായിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് ഡിക്രി കൈമാറുകയും ചെയ്തു. പിന്നീട് നടന്ന ദീപം തെളിക്കലിനും ആഘോഷമായ പൊന്തിഫിക്കല്‍ വി. കുര്‍ബാനയ്ക്കും മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്തു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ ബെര്‍മിംഗ്ഹാം അതിരൂപതയുടെ മുന്‍ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ മോണ്‍. തിമോത്തി മെനേസിസ്, വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ തുടങ്ങിയവര്‍ സ്വാഗതം ആശംസിക്കുകയും കൈക്കാരന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതുതായി പ്രഖ്യാപിക്കപ്പെട്ട മിഷന്റെ നാള്‍വഴിയുടെ വീഡിയോ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് സ്നേഹവിരുന്നും ഗാനസന്ധ്യയും അരങ്ങേറി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത്തെ ക്‌നാനായ മിഷനായ 'ഹോളി ഫാമിലി (തിരുക്കുടുംബ ക്‌നാനായ മിഷന്‍) ക്‌നാനായ മിഷന് ഇന്ന് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബോറോയില്‍ തിരി തെളിയും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനാകും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മിഷന്‍ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ദിവ്യബലിയില്‍ എഡിന്‍ബൊറോ ആര്‍ച്ച്ബിഷപ് ലിയോ കുഷ്ലി വചനസന്ദേശം പങ്കുവയ്ക്കും. റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മിഷന്‍ സ്ഥാപന ഡിക്രി വായിക്കും.

വി. കുര്‍ബാനയ്ക്കുശേഷം വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മിഷന്‍ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും ഡയറക്ടര്‍, ഫാ. ജിന്‍സ് കണ്ടക്കാട്ട് അറിയിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions