സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവം വചനവിരുന്നായി: പ്രസ്റ്റണ്‍ റീജിയണ്‍ ചാമ്പ്യന്മാര്‍; കവന്‍ട്രി, ലണ്ടന്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍

ദൈവവചനത്തിന്റെ ജീവസാക്ഷ്യങ്ങള്‍ അരങ്ങിലും കലകളിലും സന്നിവേശിപ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് കൊടിയിറങ്ങി. ലിവര്‍പൂള്‍ ഡേ ലാ സാലെ അക്കാഡമിയില്‍ ഇന്നലെ നടന്ന വാശിയേറിയ ദേശീയതല മത്സരങ്ങള്‍ക്ക് രാവിലെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രൂപതയിലെ എട്ടു റീജിയനുകളില്‍നിന്നായി ആയിരത്തിഇരുനൂറില്പരം കലാപ്രതിഭകള്‍ അണിനിരന്ന മത്സരങ്ങളുടെ സമാപനത്തില്‍ 213 പോയിന്റ് നേടി പ്രസ്റ്റണ്‍ റീജിയന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കവന്‍ട്രി റീജിയന്‍ രണ്ടാം സ്ഥാനത്തും ലണ്ടന്‍ റീജിയന്‍ മൂന്നാം സ്ഥാനത്തും എത്തി. രാവിലെ ഒന്‍പതുമണിക്കാരംഭിച്ച മത്സരങ്ങളിലെല്ലാം കൃത്യമായ സമയനിഷ്ഠ പാലിച്ചതുമൂലം പ്രതീക്ഷിച്ചതുപോലെ വൈകിട്ട് ആറു മണിക്ക് തന്നെ സമാപന സമ്മേളനം ആരംഭിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പതിനൊന്നു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങള്‍ക്ക് യൂകെയില്‍ അറിയപ്പെടുന്ന വിധികര്‍ത്താക്കളാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തിന്റെ ഡിറക്ടറും രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ചെയര്‍മാനായിരുന്ന ഫാ. പോള്‍ വെട്ടിക്കാട്ട് CST, ബൈബിള്‍ കലോത്സവത്തിന്റെ കോ ഓര്‍ഡിനേറ്റര്‍സ് ആയി സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച മി. റോമില്‍സ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ മാര്‍ സ്രാമ്പിക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ പുതിയ ചെയര്‍മാനായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് എട്ടുപറയിലിനെ മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു. അടുത്ത വര്‍ഷത്തെ ദേശീയ തല രൂപത ബൈബിള്‍ കലോത്സവം കാവെന്‍ട്രി റീജിയനില്‍ നടത്താനും തീരുമാനമായി.

രൂപത ബൈബിള്‍ കലോത്സവത്തിന്റെ പ്രത്യേക സപ്പ്‌ളിമെന്റ് പ്രകാശനവും ഇന്നലെ നടന്നു. അടുത്തവര്‍ഷം കാവെന്‍ട്രിയില്‍ നടക്കാനുള്ള രൂപതാതല മത്സരങ്ങളുടെ മുന്നോടിയായി രൂപതാധ്യക്ഷന്‍ നല്‍കിയ ദീപശിഖ ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ്ജ് എട്ടുപറയിലും കവെന്‍ട്രി റീജിയന്‍ പ്രതിനിധികളും ഒരുമിച്ചു ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സമാപനത്തില്‍ ഫാ. എട്ടുപറയില്‍ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.

സംഘാടകമികവിന്റെ നേര്‍ക്കാഴ്ചയായിമാറിയ ബൈബിള്‍ കലോത്സവം എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ലിവര്‍പൂള്‍ വിശ്വാസസമൂഹം ആതിഥ്യമരുളിയ കലോത്സവത്തിന് രൂപത വികാരി ജനറാളും ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് സമാധാന രാഞ്ജി ഇടവക വികാരിയുമായ റെവ. മോണ്‍. ജിനോ അരീക്കാട്ട് MCBS, ഇതുവരെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഫാ. പോള്‍ വെട്ടിക്കാട്ട് CST, കോ ഓര്‍ഡിനേറ്റര്‍സ് മി. റോമില്‍സ് മാത്യു, മി. സിജി വൈദ്യാനത്ത്, അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ്ജ് ഏറ്റുപറയില്‍, മിഷന്‍ലീഗ്, യൂത്ത് മൂവ്‌മെന്റ്, അല്മായപ്രതിനിധികള്‍ എന്നിവരില്‍നിന്നായി പ്രത്യേകപരിശീലം നേടിയ 180 ല്‍ അധികം വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ നടന്നത്. വിവിധ സമയങ്ങളിലായി ആയിരങ്ങള്‍ ഒഴുകിയെത്തിയ മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ചോ മറ്റു ക്രമീകരങ്ങളെക്കുറിച്ചോ പരാതികളൊന്നും ഉയര്‍ന്നില്ല എന്നുള്ളതും ശ്രദ്ധേയമായി.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍, ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, കത്തീഡ്രല്‍ വികാരി റെവ. ഡോ. ബാബു പുത്തെന്‍പുരക്കല്‍, സെക്രട്ടറി ഫാ. ഫാന്‍സ്വാ പത്തില്‍, രൂപതയില്‍ ശുശ്രുഷചെയ്യുന്ന നിരവധി വൈദികരുള്‍പ്പെടെയുള്ളവരുടെ മുഴുവന്‍ സമയസാന്നിധ്യവും ശ്രധിക്കപ്പെട്ടു. ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു നേരത്തെ കലോത്സവം ഉദ്ഘാടനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ദൂരെനിന്നു വരുന്നവരുടെ പ്രത്യേകസൗകര്യാര്‍ത്ഥവും പൊതുതാല്പര്യവും പരിഗണിച്ച്, മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണസാധനങ്ങള്‍ എല്ലാസമയങ്ങളിലും ലഭ്യമായിരുന്നു. പ്രത്യേകമായി ഒരുക്കിയിരുന്ന ചാപ്പലില്‍ രാവിലെ 8. 30 മുതല്‍ വൈകിട്ട് 5. 30 വരെ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന, വിവിധ സമയങ്ങളില്‍ ലിവര്പൂളിലെത്തുന്ന വൈദികര്‍ക്കും വിശ്വാസികള്‍ക്കും വി. ബലിയര്‍പ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളില്‍ വി. കുര്ബാന, വൈകിട്ട് 5: 00 മുതല്‍ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയും ദൈവവചന ആഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു.

മത്സരാര്‍ത്ഥികളുടെ പ്രകടനം മികച്ച നിലവാരം പുലര്‍ത്തി എന്ന് വിധികര്‍ത്താക്കളും കാണികളും അഭിപ്രായപ്പെട്ടു. വെറും മത്സരമെന്ന രീതിയില്‍ കാണാതെ ദൈവവചനത്തെ ഗൗരവമായി വിശ്വാസികള്‍ സമീപിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്തതാണ് കലാവേദികളിലൂടെ പ്രകടമായതെന്ന് കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ജിനോ അരീക്കാട്ട് അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം വന്‍ വിജയമാക്കുവാന്‍ പരിശ്രമിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions