ചിക്കാഗോ: ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്‌നാനായ നൈറ്റ്, നവംബര്‍ 23 ശനിയാഴ്‌ച, ചിക്കാഗോയിലെ താഫ്‌റ്റ് ഹൈസ്‌കൂളില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജഡ്‌ജ് ജൂലി മാത്യു, പ്രമുഖ നടന്‍ പ്രേം പ്രകാശ്, കെ.സി.സി.എന്‍.എ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ത്താഴെ എന്നിവര്‍ ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്‌ട അതിഥികളായി പങ്കെടുക്കും.
ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ യോഗത്തില്‍ അധ്യക്ഷനായിരിക്കും. നന്നേ ചെറുപ്പത്തില്‍ കേരളത്തില്‍ നിന്നും കുടിയേറി, അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജഡ്‌ജി ജൂലി മാത്യു സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജഡ്‌ജിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വനിതയാണ് ജൂലി മാത്യു. മലയാള സിനിമയിലും ടിവിയിലും മികച്ച നടന്‍ എന്ന പ്രശസ്‌തി നേരിയ പ്രേം പ്രകാശ് മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളായ 10 ല്‍ പരം സിനിമകളുടെ നിര്‍മ്മാതാവുകൂടിയാണ്. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അലക്‌സ് മഠത്തില്‍ത്താഴെ ആശംസകള്‍ അര്‍പ്പിക്കും. കെ.സി.എസ്. സ്‌പിരച്വല്‍ ഡയറക്‌ടര്‍ ഫാ. അബ്രാഹം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കെ.സി.എസിന്റെ ലെയ്‌സണ്‍ ബോര്‍ഡിലേക്കും ലജിസ്ലേറ്റീവ് ബോര്‍ഡിലേക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തും. കെ.സി.എസ്. നടത്തിയ യുവജനോത്സവത്തിലെ കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാര്‍ എന്നിവര്‍ക്കും കെ.സി.എസ്. ഒളിമ്പിക്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയവര്‍ക്കുമുള്ള ട്രോഫിയും സമ്മേളനത്തില്‍ വിതരണം ചെയ്യും. 2020 ല്‍ ലോസ് ആഞ്ചല്‍സില്‍ വച്ച് നടത്തുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ചിക്കാഗോയിലെ കിക്ക് ഓഫ്, സമ്മേളനത്തില്‍വച്ച് നടത്തുന്നതാണ്. കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് അലക്‌സ് പായിക്കാട്ട് എന്നിവര്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫിന് നേതൃത്വം നല്‍കും.