കോട്ടയം: കോട്ടയം അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഇന്ന് (വ്യാഴം) സമാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത അല്‍മായ പ്രതിനിധികളും കൃതജ്ഞതാ ബലിയിലും സമാപന ആഘോഷങ്ങളിലും പങ്കെടുക്കും.
കത്തീഡ്രലിലെ മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുരാജന്റെ തിരൂസ്വരൂപവും മണിമാളികയുടെ മുകളില്‍ കോട്ടയം പട്ടണത്തെ ആശീര്‍വദിച്ച് നില്‍ക്കുന്ന ക്രിസ്തുരാജന്റെ തിരുസ്വരൂപവും ഏറെ ആകര്‍ഷണീയമാണ്. കത്തീഡ്രലിനുള്ളില്‍ പരസ്യവണക്കത്തിന് സ്ഥാപിച്ചിട്ടുള്ള ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം, ലോകപ്രസിദ്ധമായ ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നിര്‍മ്മിച്ച അതേ കലാകാരനെക്കൊണ്ട് നിര്‍മ്മിപ്പിച്ച് ഇവിടെ സ്ഥാപിച്ചത്, മാര്‍ തോമസ് തറയില്‍ പിതാവാണ്. ടൗണിലെ തിരക്കുകളുടെ മധ്യത്തിലും ശാന്തമായിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ കത്തീഡ്രലില്‍ അനേകര്‍ പ്രാര്‍ത്ഥനയ്ക്കായി ദിനംപ്രതി എത്തുന്നു.രൂപതയുടെ പിതാക്കന്മാരായിരുന്ന മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ , മാര്‍ തോമസ് തറയില്‍ , മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരെ അടക്കം ചെയ്തിരിക്കുന്നത് ഈ കത്തീഡ്രലിന്റെ മദ്ബഹയ്ക്കടിയില്‍ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കബറിലാണ്.
പിതാക്കന്മാരെ അടക്കം ചെയ്തിരിക്കുന്ന മദ്ബഹയില്‍ , പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന, നിത്യാരാധന ചാപ്പലിലെ ദിവ്യകാരുണ്യ സന്നിധിയില്‍ അനേകര്‍ പ്രാര്‍ത്ഥിക്കാനായി എത്തിചേരുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ക്രിസ്തുരാജ നൊവേനയുണ്ട്.