സ്റ്റീവനേജ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തില്‍ ഏറ്റവും അധികം സ്‌നേഹവും സ്വാധീനവും ബഹുമാനവും ആര്‍ജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമെന്ന് കരുതാനാവില്ല. അപ്പോള്‍ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്‌നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാന്‍ കഴിയുകയും അതും കത്തോലിക്കാ വിശ്വാസികള്‍ക്കാവുമ്പോള്‍ സന്തോഷം പറയാനുണ്ടോ? അത്തരം ഒരു സന്തോഷ തിമര്‍പ്പിലാണ് സ്റ്റീവനേജില്‍ നിന്നുള്ള പ്രിന്‍സണും, വില്‍സിയും കുഞ്ഞു പ്രാര്‍ത്ഥനാ മരിയാ മോളും.
പരിശുദ്ധ മാര്‍പ്പാപ്പ തിങ്കളാഴ്ച പതിവായി അര്‍പ്പിക്കാറുള്ള വിശുദ്ധ ബലിയില്‍ പങ്കു ചേരുവാന്‍ സുവര്‍ണ്ണാവസരം കിട്ടിയ ഈ പാലാട്ടി കുടുംബത്തിന്, ബുധനാഴ്ചയിലെ പൊതു ദര്‍ശന വേളയില്‍ പോപ്പിനെ ഒന്ന് കാണുവാനായി ജനങ്ങളുടെ ഇടയില്‍ ആഗ്രഹിച്ചിരിക്കുമ്പോള്‍ പോപ്പിന്റെ വേദിക്കരിയില്‍ എത്തിപ്പറ്റുവാനും സാധിച്ചു.
ബുധനാഴ്ചത്തെ പൊതുദര്‍ശന ശുശ്രുഷാവേളയില്‍ തീര്‍ത്തും ആകസ്മികമായി മാര്‍പ്പാപ്പയുടെ ഒരു സെക്യൂരിറ്റി അടുത്തു വന്ന് പ്രാര്‍ത്ഥനാ മോളെയും മാതാപിതാക്കളെയും വിളിച്ചു കൊണ്ടുപോയി ഏറ്റവും മുന്നിലത്തെ നിരയില്‍ത്തന്നെ ഇരിക്കുവാന്‍ ഒരു വേദി നല്‍കുക, ഫ്രാന്‍സീസ് മാര്‍പ്പാപ്പ വന്നു കയ്യും പിടിച്ചു ചുംബനവും,തലോടലും നല്‍കി,തലയില്‍ കുരിശുവരച്ചു അനുഗ്രഹിക്കുകയും കൂടാതെ പോക്കറ്റില്‍ നിന്നും രണ്ടു കൊന്ത എടുത്തു സമ്മാനവും തങ്ങളുടെ മോള്‍ക്ക് നല്‍കുക കൂടിയാവുമ്പോള്‍ ഇതില്‍പ്പരം എന്ത് സന്തോഷാനുഗ്രഹമാണ് നേടുവാനെന്ന് പാലാട്ടി കുടുംബം.
പ്രാര്‍ത്ഥന മരിയായുടെ മാതാപിതാക്കളായ പ്രിന്‍സണ്‍ പാലാട്ടി,വില്‍സി പ്രിന്‍സണ്‍ എന്നിവര്‍ക്ക് പോപ്പിന്റെ കൈ ചുംബിക്കുവാനും, തലയില്‍ കൈവെച്ചനുഗ്രഹം ഏറ്റു വാങ്ങുവാനും, കൊന്ത വെഞ്ചിരിച്ചു വാങ്ങുവാനും കൂടിഭാഗ്യം കിട്ടിയപ്പോള്‍ റോമിലേക്കുള്ള യാത്ര തങ്ങളുടെ വിശ്വാസ ജീവിതത്തെ ഏറെ ധന്യമാക്കിയെന്നാണ് പ്രാര്‍ത്ഥനയുടെ മാതാപിതാക്കള്‍ പറയുന്നത്.
പ്രാര്‍ത്ഥനാ മരിയയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതം തന്നെ ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും കരുതലാണ്. 2017 ഡിസംബര്‍ 25 നു ഒരു ക്രിസ്തുമസ്സ് ദിനത്തില്‍ ജനിക്കുമ്പോള്‍ 3 മാസം നേരത്തെയായിരുന്നു മോളുടെ ഈ ലോകത്തേക്കുള്ള ആഗമനം. വൈദ്യ ശാസ്ത്രം അതിജീവനം അസാദ്ധ്യമെന്ന് വിധിയെഴുമ്പോളും, മോളുടെ ജീവന്‍ പരമാവധി ദീര്‍ഘിപ്പിച്ചെടുക്കുന്നതിനായി വെന്റിലേറ്ററിയുമായി രണ്ടു മാസത്തിലേറെ തീവ്ര പരിചരണത്തിലായിരുന്നു പ്രാര്‍ത്ഥനാ മോളുടെ ആദ്യ മാസങ്ങള്‍.
പ്രാര്‍ത്ഥനയില്‍ മാത്രം ശക്തിയും ബലവും ആശ്രയവുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രിന്‍സനും, വില്‍സിയും തങ്ങളുടെ കുടുംബത്തിലേക്ക് നല്‍കപ്പെട്ട മോളെ നഷ്ടപ്പെടാതിരിക്കുവാന്‍,ലോകത്തിന്റെ നിരവധി കോണുകളില്‍ നിന്നും പ്രാര്‍ത്ഥന സഹായം പരമാവധി നേടിയെടുക്കുകയായിരുന്നു.
മെഡിക്കല്‍ സയന്‍സ് സാദ്ധ്യത തള്ളിയിടത്തു മിടുക്കിയായി വളര്‍ന്നു വരുന്ന മോള്‍ക്ക് പ്രാര്‍ത്ഥനാ മരിയാ എന്ന് പേരിട്ടതു തന്നെ പ്രാര്‍ത്ഥനകളിലൂടെ നേടിയ ഈ അനുഗ്രഹ സാഫല്യത്തിന്റെ കടപ്പാടിലാണത്രെ. പ്രാര്‍ത്ഥനകളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊരു പ്രാര്‍ത്ഥനാ മോളുണ്ടാവില്ലായിരുന്നു എന്നാണ് അവരുടെ ഭാഷ്യം.പ്രാര്‍ത്ഥന മോളെ യു കെ യില്‍ അറിയാത്തവര്‍ ചുരുക്കം ആവും. മക്കളില്ലാത്തവര്‍ക്കും,രോഗങ്ങളില്‍ മനം മടുത്തു പോകുന്നവര്‍ക്കും ശക്തി പകരുന്ന ജീവിത സാക്ഷ്യങ്ങളുമായി മാതാപിതാക്കള്‍ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യം പറയാത്ത വേദികളില്ല.
പ്രിന്‍സണും, വില്‍സിയും സ്റ്റീവനേജ് സീറോ മലബാര്‍ സമൂഹത്തിലെ സജീവ സാന്നിദ്ധ്യങ്ങളാണ്. ട്രസ്റ്റിയായും,അള്‍ത്താര ശുശ്രുഷകനായും, പള്ളിക്കമ്മിറ്റിയംഗമായും പ്രവര്‍ത്തിക്കുന്ന പ്രിന്‍സണ്‍ തന്റേതായ താല്‍പര്യത്തില്‍ 'ജീസസ് മീറ്റ് പ്രയര്‍ ഗ്രൂപ്പ്' ആരംഭിക്കുകയും,വ്യാഴാഴ്ചകള്‍ തോറും പാരീഷ് ഹാളില്‍ ചേരുന്ന പ്രസ്തുത പ്രാര്‍ത്ഥന കൂട്ടായ്മ്മയില്‍ ശുശ്രുഷ നയിക്കുകയും ചെയ്തു വരുകയാണ്.സ്റ്റീവനേജ് മലയാളീ കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' മലയാളി അസോസിയേഷന്റെ ഭാരവാഹികൂടിയാണ് പ്രിന്‍സണ്‍.
അങ്കമാലിക്കടുത്തു എറണാകുളം അതിരൂപതയിലെ മറ്റൂര്‍ സെന്റ്ആന്തണിസ് ഇടവകയില്‍ ഉള്ള പാലാട്ടി കുടുംബാംഗമാണ് പ്രിന്‍സണ്‍. നേഴ്‌സിങ് മേഖലയില്‍ ആതുര സേവനം ചെയ്തു വരുകയാണ് പ്രിന്‍സണും വില്‍സിയും.സ്വപ്നത്തില്‍ പോലും നിനച്ചിരിക്കാത്ത വേളയില്‍ വന്നു വീണ ഈ അനുഗ്രഹ മഹാസൗഭാഗ്യത്തെ ഓര്‍ത്ത് സന്തോഷവും ആനന്ദവും പങ്കിടുന്ന ഈ കുടുംബം നന്ദി സൂചകമായി ദൈവത്തിനു സ്തുതിയര്‍പ്പിക്കുകയാണ്.
പ്രിന്‍സന്‍ പാലാട്ടിയുടെ റോമിലുള്ള മൂത്ത സഹോദരിയും, അവിടെ സെന്റ് മേരീസ് ലവൂക്കാ കോണ്‍ഗ്രിഗേഷന്‍ സഭാംഗവുമായ സി.ലിച്ചീനിയായുടെ സന്യസ്ത ജൂബിലി ആഘോഷ നിറവില്‍ അവരെ സന്ദര്‍ശിക്കുവാനും, സാധിച്ചാല്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ഒരു കുര്‍ബ്ബാനയില്‍ പങ്കു കൊള്ളുവാനും അതിയായി ആഗ്രഹിച്ചു പോയ യാത്രയാണ് പ്രിന്‍സണും വില്‍സിക്കും പ്രാര്‍ത്ഥനാ മരിയാ മോള്‍ക്കും ഈ അസുലഭ സൗഭാഗ്യം നേടുവാന്‍ സുവര്‍ണ്ണാവസരമായത്.
പ്രാര്‍ത്ഥനാ മരിയ മോള്‍ക്ക്, പ്രാര്‍ത്ഥനയുടെ തോഴിയായി അനുഗ്രഹങ്ങളുടെയും കൃപകളുടെയും നിരര്‍ഗ്ഗളമായ പ്രവാഹം ആവോളം അനുഭവിക്കുവാന്‍ കൂടുതലായി ഇടവരട്ടെ എന്നാണേവരുടെയും ആശംസകള്‍.