ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയും, ബ്രിട്ടീഷ് നടി ജെയ്ഡ് ഗുഡിയും പോലുള്ള സെലിബ്രിറ്റികളുടെ കാന്‍സര്‍ രോഗത്തെക്കുറിച്ച് പറഞ്ഞു 23 സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ജിപി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 50-കാരനായ മനീഷ് ഷായാണ് കുറ്റക്കാരനെന്ന് ഓള്‍ഡ് ബെയ്‌ലി കോടതി കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് മനീഷ് ഷായുടെ ശിക്ഷ വിധിക്കും.
സ്വന്തം ലൈംഗിക തൃപ്തിക്ക് വേണ്ടിയാണ് മനീഷ് ഷാ സ്ത്രീകളില്‍ അനാവശ്യ പരിശോധനകളില്‍ ഏര്‍പ്പെട്ടതെന്ന് കോടതിയില്‍ വ്യക്തമായി. 2009 മെയ് മുതല്‍ 2013 ജൂണ്‍ വരെയുള്ള കാലഘട്ടത്തിലാണ് അനാവശ്യ പരിശോധനകള്‍ക്കായി ഇരകളെ നിര്‍ബന്ധിച്ചത്. റോംഫോര്‍ഡില്‍ നിന്നുള്ള ഷായെ അഞ്ച് കുറ്റങ്ങളില്‍ കോടതി വിടുതല്‍ നല്‍കി. 14 വയസുള്ള പെണ്‍കുട്ടിയ്ക്ക് നേരെവരെ ഷാ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കണ്ടെത്തല്‍.
ഹോളിവുഡ് താരമായ ആഞ്ചലീന ജോളിയുടെ സ്തനാര്‍ബുദം ചൂണ്ടിക്കാണിച്ചാണ് സ്ത്രീകളുടെ ശരീരത്തില്‍ ഇയാള്‍ അനാവശ്യ പരിശോധനകള്‍ നടത്തിയത്. യാതൊരു മെഡിക്കല്‍ ആവശ്യവും ഇല്ലാതിരുന്നപ്പോഴും ജനനേന്ദ്രിയ, സ്തന പരിശോധനകള്‍ ഇയാള്‍ നടത്തിയത് ഡോക്ടറെന്ന പദവി ദുരുപയോഗം ചെയ്താണെന്ന് പ്രോസിക്യൂട്ടര്‍ കെയ്റ്റ് ബെക്‌സ് ക്യുസി പറഞ്ഞു.
രോഗികളുടെ ഭയാശങ്കകള്‍ ചൂഷണം ചെയ്ത് രോഗികളെ ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കുന്ന സംഭവം ഞെട്ടിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്ന് എന്‍എച്ച്എസ് ലണ്ടന്‍ വിശദീകരിച്ചു.