ഹൈസ്ട്രീറ്റുകളുടെ കഷ്ടകാലം തുടരുന്നു; ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് മലയാളികളടക്കം 140,000 പേര്‍ക്ക്
യുകെയിലെ ചരിത്ര പ്രാധാന്യമുള്ള ഹൈസ്ട്രീറ്റുകള്‍ ഓണ്‍ലൈന്‍ വ്യാപാരം ശക്തമായതോടെ ക്ഷയിച്ചു വരുകയാണ്. ഷോപ്പിംഗ് സെന്ററുകള്‍, ടൗണ്‍ സെന്ററുകള്‍ എന്നിവയെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ സമയമാണിത്. ഹൈ സ്ട്രീറ്റുകളുടെ പ്രധാന്യം തിരിച്ചു പിടിക്കാന്‍ ആധുനികവല്‍ക്കരണത്തിനു സര്‍ക്കാര്‍ ശ്രമിക്കുമെന്നു പറഞ്ഞെങ്കിലും ഷോപ്പുകള്‍ അതിവേഗം അടച്ചു പൂട്ടപ്പെടുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. ഹൈ സ്ട്രീറ്റുകളിലെ 140,000 പേര്‍ക്ക് ആണ് 2019 ല്‍ ജോലി നഷ്ടപ്പെട്ടത്. ഹൈസ്ട്രീറ്റുകളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ഇന്ന് പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ റീട്ടെയില്‍ റിസര്‍ച്ചിന്റെ (സിആര്‍ആര്‍) വിശദമായ വിശകലനത്തില്‍ ഓരോ ആഴ്ചയും 2,750 ല്‍ അധികം ജോലികള്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍, 2020 ല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് സിആര്‍ആര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2019 ല്‍ യുകെയില്‍ 16,073 ഷോപ്പുകള്‍ (ഓരോ പ്രവൃത്തി ദിവസത്തിലും 61 ഓളം കടകള്‍) അടച്ചിട്ടുണ്ടെന്നും സിആര്‍ആര്‍ കണക്കാക്കുന്നു. 2018 ല്‍ 14,583 കടകളാണ് അടച്ചത് .
റീട്ടെയില്‍ മേഖലയില്‍ കഴിഞ്ഞ 2018 ല്‍ 72,000 തൊഴില്‍ നഷ്ടങ്ങള്‍ക്ക് കാരണമായതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറയുന്നു. റീട്ടെയില്‍ മേഖലയില്‍ 3.1 മില്യണ്‍ ജീവനക്കാരുള്ളത് കഴിഞ്ഞ വര്‍ഷം മൂന്നു മില്യണ്‍ ആയി കുറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് പൊടിപൊടിക്കുന്നതാണ് യുകെയില്‍ റീട്ടെയില്‍ ഷോപ്പുകളുടെ അന്ത്യം കുറിയ്ക്കുന്നത്.
ടൗണ്‍ സെന്ററുകളില്‍ കൂടുതല്‍ ഷോപ്പുകള്‍ കാലിയായിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ ഉടനടി പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നാണ് ആവശ്യം . സമീപകാലത്തെ ഗവണ്‍മെന്റ് നടപടികളിലൂടെ ഹൈസ്ട്രീറ്റിന് മേലുണ്ടായിരിക്കുന്ന സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള പോംവഴികള്‍ സര്‍ക്കാര്‍ ഉടനടി സ്വീകരിക്കണമെന്നും പറയുന്നു.
ഒഴിഞ്ഞു കിടക്കുന്ന കടകളും ഇതര സ്ഥാപനങ്ങളും ചെറിയ കടകളും വീടുകളും കമ്യൂണിറ്റി സെന്ററുകളുമായി മാറ്റാനും പുരാതന കെട്ടിടങ്ങള്‍ ശാസ്ത്രീയമായ പുന്‍നിര്‍മ്മിക്കാനും പ്രദേശിക ഭരണകൂടങ്ങള്‍ മുഖേന സര്‍ക്കാരിന് പദ്ധതിയുണ്ട്.