കഴിഞ്ഞ ഒന്നരവര്‍ഷമായി സീറോ മലബാര്‍ സഭ സമൂഹത്തിന്റെ വൈദികനായി വിരാളില്‍ സേവനം അനുഷ്ഠിച്ചുവന്ന ഫാ ജോസ് അഞ്ചാനിക്കു ഇടവക സമൂഹം ഒന്നടങ്കം ഉജ്ജ്വലമായ യാത്രയപ്പ് നല്‍കി. കൂടാതെ 37 വര്‍ഷം പൂര്‍ത്തിയാക്കിയ അച്ചന്റെ വൈദിക ജീവിതത്തെയും വിശ്വാസികള്‍ നന്ദിയോടെ സ്മരിക്കുകയും ആദരിക്കുകയും ചെയ്തു. അച്ചന്‍ വിരാളില്‍ നിന്നും മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ഇടവക വൈദികനായിട്ടാണ് സ്ഥാലം മാറി പോകുന്നത് .
രണ്ടാം തീയതി വിരാള്‍ , അപ്റ്റന്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ചാണ് യാത്രയയപ്പ് ചടങ്ങുകള്‍ നടന്നത്. പള്ളിയുടെ പ്രധാന കവാടത്തിനു മുന്‍പില്‍ നിന്ന് ട്രസ്റ്റി റോയ് ജോസഫ് ഇടവകയിലെ മുതിര്‍ന്ന അംഗം അബ്രഹ൦ അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് അച്ചനു ബൊക്ക നല്‍കി സ്വികരിച്ചു പള്ളിയുടെ അകത്തേക്ക് ആനയിച്ചു ,പിന്നീട് നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷമാണ് യാത്രയയപ്പ് ചടങ്ങു നടന്നത് .
ചടങ്ങിനു സ്വാഗതം ആശംസിച്ചു കൊണ്ട് ട്രസ്റ്റി ജോഷി ജോസഫ് സംസാരിച്ചു. അച്ചന് നന്മകള്‍ ആശംസിച്ചു കൊണ്ട് റോയ് ജോസഫ് ,വേദപാഠം പ്രധാന അധ്യാപകന്‍ സജിത്ത് തോമസ് ,വിമന്‍സ് ഫോറം പ്രതിനിധി സോഫി ആന്റോ, ബാബു മാത്യു ,ഷിബു മാത്യു, റെജി ചെറിയാന്‍ ഡിവൈന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു .വേദപാഠം കുട്ടികള്‍ക്കു വേണ്ടി സ്വെന്‍ സാബു അച്ചന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു കാര്‍ഡ് നല്‍കി. കുട്ടികളുടെ വക കേക്ക് ജസ്വിന്‍ സാജിത്ത് നല്‍കി
ചടങ്ങിന് നന്ദിപറഞ്ഞുകൊണ്ടു തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള 'സത്യനായക..' എന്ന ഗാനം അച്ചന്‍ ഇടവക ജനങ്ങള്‍ക്കായി പാടി സമര്‍പ്പിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.