കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. മകള്‍ ജിയാനയെ ബാസ്‌കറ്റ് പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. 1991 ല്‍ നിര്‍മ്മിതമായ എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോബിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് കായിക ലോകം. എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്.തന്റെ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്‌സ് എന്ന ടീമിനൊപ്പമായിരുന്നു. 20 സീസണുകളില്‍ 18ലും കോബിയായിരുന്നു താരം.
2008, 2012 ഒളിംപിക്സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡലും കോബി നേടിയിട്ടുണ്ട്.
2016ലാണ് കോബി ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ചത്. 2011ല്‍ വിവാഹിതനായ താരത്തിന് ജിയാന്ന അടക്കം നാലുപെണ്‍മക്കളാണുള്ളത്.
കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.