ബര്‍മിംഗ്ഹാം: യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടത്തും . ഇന്നലെ ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗില്‍ വച്ച് പ്രസിഡന്റ് തോമസ് ജോണ്‍ വാരികാട്ട് മറ്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി ദേശീയ കണ്‍വന്‍ഷന്റെ തീയതി പ്രഖ്യാപിച്ചു.
പുതിയ കേന്ദ്ര കമ്മറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് വെറും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലോകമെമ്പാടുമുള്ള ക്നാനായ ജനത ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന യു കെ കെ സി എ കണ്‍വന്‍ഷന്റെ തിയതി പ്രഖ്യാപിച്ചു എന്ന പ്രത്യേകതയുമുണ്ട്. ഇത് പുതുനേതൃത്വത്തിന് യു കെ യിലെ ക്നാനായ സമൂഹത്തോടുള്ള പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമായി വിലയിരുത്തുന്നു.
കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും, അന്‍പത്തിയൊന്ന് യൂണിറ്റുകള്‍ ചേര്‍ന്ന യു കെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ സമുദായ റാലി മനോഹരമായി നടത്താനുതകുന്ന അതിവിശാലവും പ്രൗഡ ഗംഭീരവുമായ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ കുതിരപ്പന്തയങ്ങളാല്‍ പ്രശസ്തമായ ജോക്കി ക്ലബ്ബില്‍ നടത്തുമ്പോള്‍, ഈ ദേശീയ കണ്‍വന്‍ഷനിലേയ്ക്ക് സമുദായ സ്നേഹത്തോടെ യു കെയിലെ മുഴുവന്‍ ക്നാനായ കുടുംബങ്ങളെയും ഏറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി യുകെകെസിഎ ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.