ബെയ്ജിങ്: കൊറോണ കനത്തനാശം വിതച്ചുകൊണ്ടിരിക്കുന്ന ചൈനയില്‍
ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 86 പേര്‍. ഇതുവരെയുള്ള മരണം 722 ആയി. 3399 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയില്‍ 34,500 പേര്‍ കഴിയുമ്പോഴാണ് ദിവസങ്ങള്‍ കഴിയുംതോറും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്നത്. നേരത്തേ ചൈനയില്‍ അനേകര്‍ മരണമടഞ്ഞ സാര്‍സിനേക്കാര്‍ മാരകമായി മാറുകയാണ് കൊറോണ. 2003 ല്‍ സാര്‍സ് പടര്‍ന്നപ്പോള്‍ 650 പേരാണ് മരണത്തിന് കിഴടങ്ങിയത്. രോഗബാധ മൂലം ചൈനയിലേക്ക് പ്രവേശിക്കാതെ ജപ്പാനിലെ യോക്കോഹോമ തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലിലെ 61 യാത്രക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ ഇന്ത്യാക്കാരും ഉള്ളതായിട്ടാണ് വിവരം.
കാര്‍ണിവല്‍ പ്രിന്‍സസ് ക്രൂയിസസില്‍ 3700 യാത്രക്കാരുണ്ട്. 273 പേര്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന നിരീക്ഷണത്തിലാണ്. അര്‍ജന്റീനയില്‍ നിന്നും ഒരാള്‍, ഓസ്‌ട്രേലിയക്കാരില്‍ നിന്നും കാനഡക്കാരില്‍ നിന്നും അഞ്ചു പേര്‍ വീതവും ജപ്പാനില്‍ നിന്നുള്ള 21 പേര്‍ക്കും ബ്രിട്ടനില്‍ നിന്നും ഒരാളും അമേരിക്കയില്‍ നിന്നും ആറു പേര്‍ക്കുമാണ് കൊറോണ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 19 വരെ കപ്പലിലെ എല്ലാവരുടേയും രക്ത പരിശോധന നടക്കുമെന്നാണ് വിവരം. രോഗബാധയെ തുടര്‍ന്ന് ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഹോങ്കോങ് തീരത്തെ ഒരു കപ്പലില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിട്ടുണ്ട്.
കൊറോണ ചൈനയില്‍ ശക്തിപ്രാപിക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകര്‍. ഈനാം പേച്ചിയില്‍ നിന്നും കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയ്ക്ക് രോഗം ബാധിച്ച് മനുഷ്യരിലെ വൈറസ് ഘടനയുമായി 99 ശതമാനം സാമ്യത കണ്ടതോടെയാണ് ഈ സംശയം ഉയന്നിരിക്കുന്നത്. നേരത്തേ വൈറസിന്റെ ഉറവിടം പാമ്പാണ് എന്നും വവ്വാലില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു.
ചൈനയില്‍ നിന്നെത്തിയ 150 ലധികം പേര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കിലും കേരത്തിലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 647 ഇന്ത്യാക്കാരെയും ഏഴു മാലദ്വീപുകാരെയുമാണ് ഇന്ത്യ ഇതുവരെ വുഹാനില്‍ നിന്നും എത്തിച്ചത്. വുഹാനില്‍ നിന്നും ആള്‍ക്കാരെ തിരിച്ചെത്തിക്കാന്‍ പാകിസ്താന്‍ ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളെയും സഹായ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മാലദ്വീപ് മാത്രമായിരുന്നു ഇന്ത്യയുടെ സഹായവാഗ്ദാനം സ്വീകരിച്ചത്.
ചൈന വഴി ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശീയരുടേയും വിസകള്‍ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. ഇതുവരെ 1,257 വിമാനങ്ങഴും 1,39,539 യാത്രക്കാരെയും പരിശോധന നടത്തിയതില്‍ നിന്നുമാണ് 150 രോഗലക്ഷണം ഉള്ളവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. 21 വിമാനത്താവളങ്ങള്‍ 12 തുറമുഖങ്ങള്‍ എന്നിവിടങ്ങള്‍ വഴിയെത്തുന്ന യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിദേശകാര്യമന്ത്രിമാര്‍, വ്യോമയാന മന്ത്രി, ആഭ്യന്തരസഹമന്ത്രി, ആരോഗ്യമന്ത്രി, ഷിപ്പിംഗ് മന്ത്രി എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താന്‍ തുറമുഖങ്ങള്‍ക്ക് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. യാത്രക്കാര്‍ക്ക് എന്‍ - 95 മുഖാവരണം നല്‍കണമെന്നും രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ കുടുങ്ങിപ്പോയ നിലയില്‍ കാണിച്ച 17 മലയാളി വിദ്യാര്‍ത്ഥികളും രണ്ടു തമിഴ്‌നാട് സ്വദേശികളും ഇന്നലെ കൊച്ചിയില്‍ എത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു. എന്നിരുന്നാലും ഇവര്‍ നിരീക്ഷണത്തിലായിരിക്കും.