മലങ്കര കത്തോലിക്കാ സഭാ-ഗോസ്പല്‍ മിനിസ്ട്രി ടീം രൂപീകരണ പരിശീലനം നാളെ മുതല്‍ ലണ്ടനില്‍
ലണ്ടന്‍ : സുവിശേഷ പ്രചാരണത്തിന് ശക്തി പകരുന്നതിനും സുവിശേഷ ജീവിത ശൈലി പകര്‍ന്നു നല്‍കുന്നതിനുമായി യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം ഗോസ്പല്‍ മിനിസ്ട്രി ടീം - സുവിശേഷ സംഘം രൂപീകരിക്കുന്നു. ഇതിനു വേണ്ടിയുള്ള പ്രത്യേക പരിശീലനം നാളെ (വെള്ളിയാഴ്ച) മുതല്‍ ഞായറാഴ്ച വരെ ലണ്ടനില്‍ ക്രമീകരിച്ചിരിക്കുന്നു. മലങ്കര കത്തോലിക്കാ സഭാ സുവിശേഷ സംഘം ഡയറക്ടര്‍ ഡോ. ആന്റണി കാക്കനാട്ട് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കും.
ജനുവരിയില്‍ സഭാ പിതാക്കന്മാരുടെ സൂനഹദോസിന്റെ തീരുമാനപ്രകാരം രൂപീകൃതമായതാണ് സുവിശേഷ സംഘം - ഗോസ്പല്‍ മിനിസ്ട്രി ടീം. സഭയുടെ നവീകരണ പ്രസ്ഥാനമായി ഇന്ന് സുവിശേഷ സംഘം പ്രവര്‍ത്തിക്കുന്നു. മലങ്കര കാത്തോലിക്കാ സഭയുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സുവിശേഷം ജീവിക്കുകയും പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ജീവിത ശൈലിയാണ് സുവിശേഷ സംഘം വിഭാവനം ചെയ്യുന്നത്. കൃത്യമായ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സഭാ മേലധ്യക്ഷന്‍ കൈവയ്പ്പു നല്‍കി സഭാശുശ്രൂഷയ്ക്കായി നിയോഗിക്കും. ഡോ. ആന്റണി കാക്കനാട്ട് സുവിശേഷ സംഘം സഭാതല ഡയറക്ടറായി ശുശ്രൂഷ ചെയ്യുന്നു.
പരിശീലന പരിപാടി ഡെഗനത്തെ സെന്റ് ആന്‍സ് മാര്‍ ഈവാനിയോസ് സെന്ററിലാണ് ക്രമീകരിച്ചിക്കുന്നത്. സഭയിലെ വൈദികരും മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത അംഗങ്ങളും ഇതില്‍ സംബന്ധിക്കും.