ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ ദിനംപ്രതി പെരുകുന്നു. വ്യാഴാഴ്ച മാത്രം 116 പേരാണ് മരിച്ചത്. ഇതോടെ ചൈനയില്‍ ഔദ്യോഗിക മരണസംഖ്യ 1,483 ആയി. പുതിയതായി 4,823 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ പ്രവിശ്യയിലെ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലും മരണം. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന എണ്‍പതുകാരിയാണ് മരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറമെ വൈറസ് ബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാന്‍. നേരത്തെ ഫിലിപ്പിന്‍സിലും ഹോങ്കോങ്ങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു.
ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ചയാണ് കൊറോണ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ജപ്പാനിലെ സൗത്ത് ടോക്കിയോയ്ക്ക് സമീപം കനഗ പ്രീഫെക്ച്ചറില്‍ താമസിച്ചിരുന്ന എണ്‍പതുകാരിയാണ് മരണത്തിനു കീഴടങ്ങിയത്. എന്നാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയുമായി ഇവര്‍ ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല എന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്ത് 65000 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമെ സിംപ്പൂരിലും ഹോങ്കോങ്ങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.