ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ജൂലൈ 10, 11, 12 തിയതികളില്‍ (വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി ഞായറാഴ്ച ഉച്ചവരെ ) വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ ജന പങ്കാളിത്തത്തോടുകൂടി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദ സ്പര്‍ശനത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിലെ ഏകദേശം നൂറിലധികം കുടുംബാംഗങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എല്ലാ കുടുംബാംഗങ്ങളേയും കോര്‍ത്തിണക്കി വന്‍ ജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന യുകെയിലെ സംഗമങ്ങളുടെ ഒരു സംഗമമാണ് മുട്ടുചിറ സംഗമം ഇന്‍ യുകെ.
മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹ്യ കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കല്‍ പിതാവടക്കം നിരവധി മത സാമൂഹ്യ രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളുമായി എത്തും. കഴിഞ്ഞ വര്‍ഷവും ജോസ് കെ മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍ അടക്കം നിരവധിയാളുകള്‍ സംഗമ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളുമായി എത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ വര്‍ഗീസ് നടയ്ക്കലച്ചനാണ് മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാ വര്‍ഷവും ഫാ വര്‍ഗീസ് നടയ്ക്കലിന്റെ വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് പ്രധാന സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്. ജോണി കണിവേലില്‍ കണ്‍വീനറായി വിന്‍സന്റ് പോള്‍ പാണകുഴിയുടേയും റോയ് പറമ്പലിന്റെയും മേല്‍നോട്ടത്തിലാണ് ഈ പ്രാവശ്യത്തെ സംഗമ പരിപാടികള്‍ നടത്തപ്പെടുന്നത്. ഈ പ്രാവശ്യവും വ്യത്യസ്തമായ കലാ കായിക മത്സരങ്ങളും മറ്റ് പ്രോഗ്രാമുകളും അണിയിച്ചൊരുക്കി സംഗമം ഒരു നവ്യാനുഭൂതി സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിലാണ് വിന്‍സന്റ് പോളും റോയി പറമ്പിലും ഇനി ഏതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് പ്രധാന സംഗമ ദിവസമായ ജൂലൈ 11 ശനിയാഴ്ച സംഗമത്തിന് എത്തിച്ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.