ഒരുദിവസം കൊണ്ട് 50 കൊറോണ മരണം, ആകെ 233 , ഇറ്റലിയില്‍ നഗരം അടച്ചു, ഇറാനിലും മരണസംഖ്യ കുതിയ്ക്കുന്നു
റോം /ടെഹ്‌റാന്‍ : ഇറ്റലിയില്‍ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 50 പേര്‍ . ഇതോടെ ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 233 ആയി കുതിച്ചുയര്‍ന്നു. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. 5883 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇറ്റലിയില്‍ 1.6 കോടി ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ലോമ്പാര്‍ഡി നഗരം പൂര്‍ണമായും അടച്ചുപൂട്ടാനാണ് അധികൃതരുടെ തീരുമാനം. ലോമ്പാര്‍ഡി മേഖലയിലുള്‍പ്പെടെ 12 മേഖലയിലെ ജനങ്ങള്‍ ഏപ്രില്‍ അവസാനം വരെ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ തുടരും.
കൊറോണ വൈറസ് അനിയന്ത്രിമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോമ്പാര്‍ഡിയുടെ സമീപപ്രദേശങ്ങളിലെ സ്‌കൂള്‍, കോളേജ്, പൂളുകള്‍, മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. രോഗലക്ഷണങ്ങളുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും.
ഇറാനില്‍ കൊറോണ മരണം 145 പിന്നിട്ടു. ആറായിരത്തിലേറെപ്പേര്‍ക്ക് വൈറസ് ബാധയുണ്ട്. സൗത്ത് അമേരിക്കയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. അര്‍ജന്റീനക്കാരനായ 64 കാരനാണ് ബ്യൂണസ് ഐറിസില്‍ മരണപ്പെട്ടത്. മരണം സ്ഥിരീകരിച്ച ആള്‍ കോവിഡ്-19 പിടിമുറുക്കിയ യൂറോപിലേയ്ക്ക് യാത്ര ചെയ്തിരുന്നു. സൗത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ മരണമാണ് സ്ഥിരീകരിച്ചത്. അര്‍ജന്റീനയില്‍ നേരത്തെ എട്ട് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പെറുവില്‍ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം ആറായി. പരാഗ്വയില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു. ചിലയില്‍ ഇതുവരെ വൈറസ് ബാധിതരുടെ എണ്ണം ഏഴായി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 3592 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106,026 ആയി.