ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറും ബസിലിക്കയും ഇതാദ്യമായി വിജനമായി. ഇറ്റലിയിലെ വന്‍ നഗരങ്ങള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളായി. കൊറോണ ഇറ്റലിയ്ക്കു മേല്‍ ഏല്‍പ്പിച്ച ആഘാതം എത്രയാണെന്ന് വ്യക്തമാക്കുന്നതാണിവയൊക്കെ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറും ബസിലിക്കയും അടച്ചതായി വത്തിക്കാന്‍ അറിയിച്ചു കഴിഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് ഏപ്രില്‍ മൂന്ന് വരെ വിലക്കേര്‍പ്പെടുത്തിയതായാണ് വത്തിക്കാന്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ മധ്യഭാഗത്താണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍. നിരവധി സഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ ഇപ്പോള്‍ ശൂന്യമാണ്. ഡസനില്‍ താഴെ ആളുകളെ മാത്രമാണ് നഗരത്തില്‍ ആകെ കാണുന്നത്. പുറത്തിറങ്ങുന്നവരില്‍ ഭൂരിഭാഗവും മാസ്‌ക് ധരിക്കാത്തവരുമാണ്.
രാജ്യത്തെ വന്‍ നഗരങ്ങളും ചെറുപട്ടണങ്ങളും പൂര്‍ണമായി വിജനം. മിലാന്‍, റോം, ഫ്‌ലോറെന്‍സ്, ടൂറിന്‍, നേപ്പിള്‍സ്, വെനീസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞു. ഇറ്റലിയിലെ ആറ് കോടി ജനം പൂര്‍ണമായി വീടുകളില്‍ അടച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും അത്യാവശ്യക്കാര്‍ മാത്രമേ ഇടയ്ക്കു പുറത്തിറങ്ങുന്നുള്ളൂ.
യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ രോഗം പടരുന്നത് യൂറോപ്പിനെയാകെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇറ്റലിയിലെ സിനിമാ തിയറ്ററുകള്‍, മാളുകള്‍, പ്രശസ്തമായ കോര്‍ണര്‍ കഫെ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. മതചടങ്ങുകള്‍, വിവാഹച്ചടങ്ങുകള്‍ എന്നിവക്കും നിരോധനമുണ്ട്. നേരത്തെ റസ്റ്ററന്റുകളും ബാറുകളും രാവിലെ 6 മുതല്‍ 6 വരെ തുറക്കാന്‍ അനുവദിച്ചെങ്കിലും ഇപ്പോള്‍ അതും നിരോധിച്ചു. ഇറ്റലിയില്‍ ഇന്നലെ മാത്രം 168 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ ഇതിനോടകം 631 ആയി.
കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ മെഡിക്കല്‍ രംഗം വേദനാജനകമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായി. പൊളിറ്റികോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലിയില്‍ കൊറോണ ചികിത്സയ്ക്ക് പ്രായമായവരെക്കാള്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണനകൊടുക്കുന്നു. കൊറോണയെ പ്രതിരോധിക്കാനവശ്യമായ മരുന്നുകളുടെ ലഭ്യതയിലുള്ള കുറവും ആശുപത്രികളില്‍ ബെഡുകളുടെ എണ്ണത്തിലുള്ള കുറവുമാണ് ഇവരെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെറുപ്പക്കാരില്‍ കൊറോണയെ അതീജീവിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്നും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4269 ആയി. 1,10,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ കോവിഡ് 19 പുതിയ കേസുകളുടെ എണ്ണം കുറയുമ്പോള്‍ ഇറ്റലിയില്‍ മരണസംഖ്യയും കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.