ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി
റാംസ്‌ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷവല്‍ക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഫോര്‍മേഷന്‍ ടീമിന് വേണ്ടി റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപെടുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്റെ നേതൃത്വത്തിലാണ് ക്‌ളാസുകള്‍ നടക്കുന്നത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഈ പരിശീലനപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
വചനമാകുന്ന അടിത്തറമേലാണ് സഭയും സമൂഹവും പണിതുയര്‍ത്തപ്പെടേണ്ടതെന്ന് പ്രിന്‍സ് പാണേങ്ങാടന്‍ പിതാവ് തന്റെ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. വചനം വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും പ്രഘോഷിക്കുന്നതിലൂടെയുമാണ് സഭയെ പടുത്തുയര്‍ത്തേണ്ടതെന്നും ഈശോയാകുന്ന അടിസ്ഥാനമായിട്ടുള്ള പാറമേലായിരിക്കണം ഇത് പണിയേണ്ടതെന്നും പിതാവ് ഓര്‍മിപ്പിച്ചു.
എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക എന്ന സുവിഷവല്‍ക്കരണ സന്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് ഇവാഞ്ചലൈസേഷന്‍ ഫോര്‍മേഷന്‍ ടീം. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി ആരംഭിച്ച ക്‌ളാസുകള്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.
ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പ്രഘോഷിക്കുക എന്നതാണ് സുവിശേഷവല്‍ക്കരണത്തിന്റെ കാതല്‍. വചനം പ്രഘോഷിക്കുന്നതിലൂടെയാണ് സഭയ്ക്ക് വേണ്ടി സാക്ഷ്യം വഹിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കുകയെന്നും സുവിശേഷവല്‍ക്കരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളിലൂടെ ദൈവവചനം ദൈവജനമൊന്നാകെ വര്‍ഷിക്കപ്പെടുവാന്‍ ഇടയാകട്ടെ എന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.