ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക. 24 മണിക്കൂറില്‍ 17000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ നിലവില്‍ 85377 രോഗികളാണുള്ളത്. കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അതിവേഗമാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. യുഎസില്‍ രോഗബാധയാല്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.
ലോകത്താകെ 531806 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24073 പേരാണ് മരിച്ചത്. ചൈനയില്‍ 81340 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3292 പേര്‍ മരിച്ചു. ഇറ്റലിയില്‍ 80589 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8215 പേര്‍ മരിച്ചു. 24 മണിക്കൂറില്‍ 712 മരണം. ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്.
സ്‌പെയിനില്‍ മരമടഞ്ഞവരുടെ എണ്ണം 4,365 ആയി. തുടരെ രണ്ടാം ദിവസവും എഴുനൂറിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു. 57,786 പേര് രോഗബാധിതരായി. യുകെയില്‍ രോഗബാധിതര്‍ആകെ 12000 കവിഞ്ഞു. മരണസംഖ്യ 578 ആയി ഉയര്‍ന്നു.
കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.