ന്യൂയോര്‍ക്ക്: യുഎസില്‍ കോവിഡ് 19 രോഗം ബാധിച്ചു രണ്ട് മലയാളികളും അയര്‍ലന്‍ഡില്‍ കോട്ടയം കാരിയായ നഴ്‌സും മരിച്ചു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് (51), അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്.ഏബ്രഹാം (21) എന്നിവരാണ് മരിച്ചത്. അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ മലയാളി നേഴ്‌സ് മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശിയായ ബീന ജോര്‍ജാ(52 )ണ് മരിച്ചത്.
ന്യൂയോര്‍ക്കില്‍ മരിച്ച തങ്കച്ചന്‍ തൊടുപുഴ മുട്ടം സ്വദേശിയും ഇഞ്ചനാട്ട് കുടുംബാംഗവുമാണ്. ഭാര്യ ഷീബ, മക്കള്‍ : മാത്യൂസ്, സിറില്‍ . ഷീബ ഉഴവൂര്‍ സെന്റ് സ്റ്റിഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഷൈനി ബേബിയുടെ സഹോദരിയാണ്.
വിദ്യാര്‍ത്ഥിയായ ഷോണ്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് മരണം സംഭവിച്ചത്. അര്‍ബുദ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ട് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി.
നേരത്തെ ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് രണ്ടു മരണങ്ങള്‍ ഉണ്ടായത്. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ന്യൂജഴ്സിയില്‍ മരിച്ചത് എറണാകുളം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ .
വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖബാധിതര്‍ വൈദ്യസഹായം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.
അമേരിക്കയിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം പോലും റേഷനിങ്ങിലേയ്ക്ക് പോകുന്ന അവസ്ഥയാണ്. കുട്ടികളുമായി താമസിക്കുന്ന മലയാളി കുടുംബങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഭീതിയില്‍ കഴിയുന്നത്.