മദേഴ്‌സ് ഡേ സ്‌പെഷ്യല്‍ ലൈവില്‍ മല്ലിക സുകുമാരന്‍; വയലിനില്‍ വിസ്മയം തീര്‍ക്കാന്‍ മനോജ് ജോര്‍ജ്ജും
അതിജീവനത്തിന്റെ വഴികളിലൂടെ പുതു ജീവിതത്തിലേക്ക് നടന്നു കയറിയവരാണ് പ്രവാസികള്‍. ഈ കാലവും കടന്നു പോകും എന്ന സന്ദേശം മനുഷ്യ മനസ്സുകള്‍ക്ക് പകര്‍ന്നു നല്കാന്‍, കോവിഡ് എന്ന മഹാമാരിയെയും നമ്മള്‍ അതിജീവിക്കും എന്ന ഉദ്‌ബോധനവുമായി, ഈ ലോക്ക്ഡൗണ്‍ കാലത്തെ പിരിമുറുക്കത്തില്‍ നിന്നും മാനസീക സംഘര്‍ഷത്തില്‍ നിന്നും ആളുകള്‍ക്ക് അല്പം ആശ്വാസം ലഭിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പ്രവാസികള്‍ക്ക് വേണ്ടി കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ WE SHALL OVERCOME എന്ന ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ 40 ദിവസങ്ങളിലായി അറുപതിലധികം പ്രഗല്‍ഭരായ ആര്‍ട്ടിസ്റ്റുകളാണ് ഈ ലൈവ് പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും നിരവധി പ്രശസ്തരായ കലാകാരന്മാര്‍ ഈ പരിപാടിയില്‍ ലൈവില്‍ വരുന്നുണ്ട്.
ഇന്ത്യയിലും യുഎസിലുമൊക്കെ മദേഴ്‌സ് ഡേ ആയി ആചരിക്കുന്നത്ത് ഇന്ന് മെയ് പത്താം തീയതി ഞായറാഴ്ചയാണ്. ഇന്ന് മദേഴ്‌സ് ഡേ സ്‌പെഷ്യല്‍ ലൈവില്‍ നമ്മുടെ മുന്നില്‍ എത്തുന്നത്. മലയാള സിനിമയിലെ പ്രശസ്ത അഭിനേത്രി മല്ലിക സുകുമാരനാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഉറച്ച ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ സാധിക്കും എന്ന് തന്റെ സ്വന്തം ജീവിതം കൊണ്ട് ഈ ലോകത്തിനു കാണിച്ചുകൊടുത്ത ഒരു വ്യക്തി കൂടിയാണ് മല്ലിക സുകുമാരന്‍. ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ ജീവിതത്തിലുണ്ടായ വെല്ലുവിളികളെ കരളുറപ്പോടെ ഉറച്ച മനസ്സോടെ ഒറ്റയ്ക്ക് നേരിട്ട് ജീവിത വിജയം വരിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മല്ലിക സുകുമാരന്‍.
മലയാള സിനിമയില്‍ മല്ലിക ചേച്ചിക്കുള്ള സ്ഥാനം ഒരു മികച്ച അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, മണ്‍മറഞ്ഞ, പക്ഷെ മലയാള സിനിമയ്ക്കു എക്കാലവും മറക്കാന്‍ കഴിയാത്ത സുകുമാരന്‍ എന്ന സൂപ്പര്‍ നായകന്‍ മല്ലിക ചേച്ചിയുടെ ഭര്‍ത്താവാണ്. മലയാള സിനിമയില്‍ തന്റെ സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട്‌സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നുവരികയും ആദ്യം സംവിധാനം ചെയ്ത ഒറ്റ സിനിമ കൊണ്ടു തന്നെ സൂപ്പര്‍ സംവിധായകനായി മാറുകയും ചെയ്ത പ്രശസ്ത നടന്‍ പൃഥ്വി രാജൂം മറ്റൊരു സ്റ്റാറായ ഇന്ദ്രജിത്തിന്റെയും അമ്മയുമാണ് മല്ലിക സുകുമാരന്‍.
ഈ ലോക്ക്ഡൗണ്‍ കാലത്തെ മദേഴ്‌സ് ഡേയില്‍ മല്ലിക ചേച്ചി തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റക്കാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന സൂപ്പര്‍ഹിറ്റ് നോവല്‍ ബ്ലെസ്സി എന്ന എക്കാലത്തെയും മികച്ച സംവിധായകന്‍ സിനിമയാക്കുമ്പോള്‍ അതിലെ പ്രധാന കഥാപാത്രമായ നജീബായി മാറിക്കഴിഞ്ഞ പൃഥ്വിരാജ് ഈ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ദ്രജിത് കുടുംബവുമായി കൊച്ചിയിലും.
ഒരു സ്ത്രീ എന്ന നിലയില്‍, ഒരു അമ്മ എന്ന നിലയില്‍ തന്റെ അതിജീവനത്തിന്റെ അനുഭവ പാഠങ്ങളുമായി മല്ലിക സുകുമാരനും ഒപ്പം മല്ലിക ചേച്ചി നേതൃത്വം നല്‍കുന്ന മ്യൂസിക് ഫോര്‍ എവര്‍ എന്ന മ്യൂസിക് ബാന്‍ഡിലെ പ്രശസ്ത ഗായകരായ അലോഷ്യസ് പെരേരയും ഡോക്ടര്‍ അരുണ്‍ ശങ്കറും ഇന്ന് ഞായറാഴ്ച യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് (ഇന്ത്യന്‍ സമയം 6 :30 പിഎം ) WE SHALL OVERCOME ലൈവില്‍ നമ്മുടെ മുന്നില്‍ എത്തുന്നു.
ഇതിന് പുറമെ വൈകുന്നേരം അഞ്ചു മണിക്ക് വയലിനില്‍ നാദ വിസ്മയം തീര്‍ക്കാന്‍ WE SHALL OVERCOME ലൈവില്‍ എത്തുന്നത് പ്രശസ്ത മ്യൂസീഷ്യനും കമ്പോസറും ഗ്രാമി അവാര്‍ഡ് ജേതാവും പ്രശസ്ത ഇന്ത്യന്‍ വയലിനിസ്റ്റുമായ മനോജ് ജോര്‍ജ് ആണ്.