രാജ്യത്തു കോവിഡ് ബാധ കുതിച്ചു കയറുന്നതിനിടെ ബ്രസീല്‍ ആരോഗ്യമന്ത്രി നെല്‍സണ്‍ ടെയിക് രാജിവച്ചു . ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചാണ് ടെയിക്കിന്റെ രാജിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.അര്‍ബുദ രോഗ ചികിത്സാ വിദഗ്ധന്‍ കൂടിയായ ടെയിക് ഒരു മാസം മുമ്പാണ് മന്ത്രിസഭയില്‍ അംഗമായത്.
ബോള്‍സനാരോയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു മുന്‍ ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മണ്ടേറ്റയും രാജി വെച്ചത്. ഏപ്രില്‍ 16ന് ആയിരുന്നു അദ്ദേഹത്തിന്റെ രാജി. തുടര്‍ന്നാണ് ടെയിക് തല്‍സ്ഥാനത്തേക്ക് നിയമിതനായത്.
കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബോള്‍സനാരോയുമായി മണ്ടേറ്റയും പിന്നീട് ടെയ്കും നിരവധി തവണ തര്‍ക്കങ്ങള്‍ നടത്തിയിരുന്നു. രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉത്തമമായ മരുന്നാണെന്നാണ് ബോള്‍സനാരോ വാദിക്കുന്നത്. എന്നാല്‍, ഇതിനോട് ആശങ്കകള്‍ വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടുകളെ അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറാവുന്നുമില്ല.
ടെയ്ക് രാജിവെച്ചെന്ന വിവരം മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞതോടെ ബോള്‍സനാരോ വിമതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബോള്‍സനാരോ രാജിവെക്കണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം.
കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഇതുവരെ 14,000 ആളുകളാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ബ്രസീലിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.