കറാച്ചി : പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം ലാന്റിങ്ങിനു തൊട്ടുമുമ്പ് തകര്‍ന്നു വീണു. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആണ് വിമാനം തകര്‍ന്നു വീണു തീപിടിച്ചു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമാണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് ലാന്റിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്. വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് കോളനിയിലെ വീടുകളും തകര്‍ന്നു. ലാന്റിങ്ങിനു ഒരു മിനിറ്റ് മുമ്പ് വിമാനവുമായുള്ള ബന്ധം നഷ്ടമായതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
അപകടസ്ഥലത്ത് നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങി.
ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ക്ഡൗണ്‍ ഇളവ് നല്‍കി വിമാന സര്‍വീസിന് പാകിസ്താന്‍ അനുമതി നല്‍കിയത്. 2016 ല്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണ് 40 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.