അസോസിയേഷന്‍

ലൈവ് ടാലന്റ് ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് നോട്ടിംഗ്ഹാമിന്റെ ജോര്‍ജ്ജ് ഡിക്‌സും ആഷിന്‍ ടോംസും

കോവിഡ് പടമുഖത്ത് സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി ജോലി ചെയ്യുന്ന യു.കെയിലെ എന്‍.എച്ച്.എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍' (LET'S BREAK IT TOGETHER) ന് ഗംഭീര തുടക്കം. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അരങ്ങേറിയ ആദ്യലൈവ് ഷോ ലോകമെങ്ങുമുള്ള ആയിരകണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്.

യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് ലൈവ് ഷോ സംപ്രേക്ഷണം നടക്കുന്നത്. ഡ്രമ്മില്‍ വിരിയുന്ന കരവിരുതുമായി ജോര്‍ജ്ജ് ഡിക്സും, കീ ബോര്‍ഡില്‍ പ്രതിഭ തെളിയിച്ചുകൊണ്ട് ആഷിന്‍ ടോംസും നിറഞ്ഞാടിയപ്പോള്‍ ഇരുപത് മിനിറ്റ് എന്ന നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി, പ്രേക്ഷകരുടെ സ്‌നേഹപൂര്‍വ്വകമായ കമന്റുകളിലൂടെയുള്ള പ്രോത്സാഹനങ്ങള്‍ കൊണ്ട് ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രതിഭയുടെ നിറഞ്ഞാട്ടമായി.

പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് സുഹൃത്തുക്കളായ ജോര്‍ജ്ജും ആഷിനും. നേരത്തെ, പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് യുക്മ കലാഭൂഷണം അവാര്‍ഡ് ജേതാവ്

ദീപ നായര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലൈവ് ഷോ വീക്ഷിച്ചുകൊണ്ടിരുന്ന എല്ലാ കലാസ്‌നേഹികള്‍ക്കും സ്വാഗതം ആശംസിച്ചു. ഡെനാ ഡിക്‌സിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ഷോ ആരംഭിച്ചു. മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന മനോഹരങ്ങളായ നിരവധി നിത്യഹരിത ഗാനങ്ങള്‍ ഈണമായി പെയ്തിറങ്ങിയ നിമിഷങ്ങള്‍ക്ക് ഷോ സാക്ഷ്യം വഹിച്ചു. അനശ്വര കലാകാരന്‍ കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ നാടന്‍പാട്ടുകളും, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങളും മേളക്കൊഴുപ്പേകിയ ഷോ പ്രേക്ഷക മനസ്സുകളില്‍ സംഗീതത്തിന്റെ മൈലാട്ടമായി.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെയുള്ള യു.കെയിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് യുക്മ സാംസ്‌കാരി വേദി സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്ക് തുടര്‍ച്ചയായി, ഭാവിയില്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു.കെയുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ്. ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ ജോയ് ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജെയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് പരിപാടി നടക്കുന്നത്. പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  • ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions