ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി.
എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കുകയെന്ന് ഹ്യൂസ്റ്റണ്‍ പൊലീസ് ചീഫ് ആയ ആര്‍ട്ട് എയ്‌സ്‌വിഡോ തുറന്നടിച്ചു. സിഎന്‍എന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കായി വിളിച്ച യോഗത്തിനിടെ, ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍മാരോടായി ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മേധാവിയുടെ പ്രതികരണം.
ഇപ്പോള്‍ നടത്തിയപോലുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കി രാജ്യത്തെ ചെറുപ്പക്കാരെ പ്രകോപിപ്പിച്ച് തെരുവിലിറക്കി അവരുടെ ജീവന്‍ അപകടത്തിലാക്കരുത് എന്നും ചീഫ് എയ്‌സ്‌വിഡോ പ്രസിഡന്റിനോട് പറഞ്ഞു. പ്രതിഷേധം ഭയന്ന് വൈറ്റ് ഹൌസിലെ സുരക്ഷാ ബങ്കറിലേയ്ക്ക് ട്രംപിനെ മാറ്റിയിരുന്നു .രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ് .