പോലീസ് കാല്‍മുട്ട് വെച്ച് ഞെരിച്ചയത്രയും സമയം മൗനം ആചരിച്ചു മിനിയപൊളീസ് ജോര്‍ജ് ഫ്ലോയിഡിന് വിട നല്‍കി; കണ്ണീരോടെ ലോകം
മിയാമി: വര്‍ണവെറിയുടെ ഇരയായി അമേരിക്കന്‍ പോലീസിനാല്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയിഡിന് കണ്ണീരോടെ വിട നല്‍കി ലോകം. മിന്നെസോട്ടയിലെ മിനിയപൊളിസ് സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ . എട്ട് മിനുട്ട് 46 സെക്കന്റ് മൗനാചരണം നടത്തിയാണ് മിനിയാപൊളിസ് ജോര്‍ജ് ഫ്ലോയിഡിനു വിട നല്‍കിയത്. പൊലീസ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിച്ച അത്രയും സമയാണ് മിനിയപൊളീസ് മൗനാചരണം നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ ആയിരങ്ങളാണ് ഫ്ലോയ്ഡിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സംസ്‌കാര ചടങ്ങിനായി പ്രത്യേകം സജ്ജീകരിച്ച മിനിയപൊളിസിലെ സ്ഥലത്തേക്ക് എത്തിയത്.
'ഈ ദിവസത്തോടെ എന്റെ ജ്യേഷ്ഠന്‍ വിടപറയുകയാണ്. എങ്കിലും ഫ്ലോയിഡിന്റെ പേര് എക്കാലവും നിലനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ടെറന്‍സ് ഫ്ലോയിഡ് വ്യക്തമാക്കി. ആയിരങ്ങളുടെ മനസില്‍ സ്ഥാനംപിടിച്ചാണ് സഹോദരന്‍ വിടവാങ്ങുന്നതെന്നും ബ്രൂക്ക്‌ലിനില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോദന ചെയ്ത് അദ്ദേഹം പറഞ്ഞു.
'ജോര്‍ജ് ഫ്ലോയ്ഡിന്റെ കഥ കറുത്തവരുടെ കഥയാണ്. കാരണം 401 വര്‍ഷങ്ങള്‍ മുമ്പ് മുതല്‍ ഞങ്ങള്‍ ആയിത്തീരേണ്ടതോ സ്വപ്‌നം കാണുന്നതോ ആവാന്‍ കഴിയാത്തതിനു കാരണം നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളുടെ കഴുത്തില്‍ ആയതിനാലാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ എഴുന്നേറ്റ് നിന്ന്. നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളില്‍ നിന്നും എടുത്ത് മാറ്റു എന്ന് പറയേണ്ട സമയമാണിത്' അന്ത്യോപചാരത്തിനിടെ അമേരിക്കന്‍ പൗരാവാകാശപ്രവര്‍ത്തകനും, രാഷ്ട്രീയക്കാരനുമായ ആല്‍ഫ്രഡ് ചാള്‍സ് ഷാര്‍പ്പ്ടണ്‍ ജൂനിയര്‍ പറഞ്ഞു. നാഷണല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനായ ഇദ്ദേഹം 2004 ല്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു.
മേയ് 25നാണ് ജോര്‍ജ് ഫ്ലോയ്ഡിനെ മിനിസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. പോലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെ കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
നിരായുധനായ ഫ്ലോയിഡിനെ വിലങ്ങണിയിച്ചു റോഡില്‍ കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെട്ടിക്കുന്ന ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഡെറിക് ചൗ ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന പലതവണ പറഞ്ഞിട്ടും ലോയിഡിന്റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് എടുക്കാതെ അദ്ദേഹത്തെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ബഹളം വച്ചിട്ടും കൂടെയുള്ള പൊലീസുകാര്‍ അവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
ഫ്ലോയിഡിന്റെ ക്രൂര കൊലപാതകവും വര്‍ഗക്കാര്‍ക്ക് നേരേയുള്ള പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ചു അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. യുകെയിലടക്കം ലോകത്തിന്റെ എല്ലാഭാഗങ്ങളിലും കൊറോണ കാലത്തും ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധം അരങ്ങേറി. 'പ്ലീസ് എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്പാടും ജനങ്ങളുടെ പ്രതിഷേധം.