അസോസിയേഷന്‍

യുക്മ Y6 ചലഞ്ച് 2020 സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍; ഗ്രാമര്‍സ്‌കൂള്‍ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളുമായി നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങള്‍ക്ക് തികച്ചും അപരിചിതമോ അല്ലെങ്കില്‍ അപ്രാപ്യമോ ആയിരുന്നു ഗ്രാമര്‍ സ്‌കൂളുകളും പ്രൈവറ്റ് സ്‌കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രകടമായ രീതിയില്‍ ഉണ്ടായിരുന്നില്ല. 2010 കാലഘട്ടത്തോടുകൂടിയാണ് പ്രധാനമായും യു.കെയിലെ മലയാളി സമൂഹത്തില്‍ ഗ്രാമര്‍ സ്‌കൂള്‍, പ്രൈവറ്റ് സ്‌കൂള്‍ പ്രവേശനത്തിന് തങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കണമെന്ന ഗൗരവകരമായ ചിന്ത ഉടലെടുത്ത് തുടങ്ങിയത്.

ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുംവിധം വിദ്യാര്‍ത്ഥികളെ സമര്‍ത്ഥരാക്കുന്ന പരിശീലന സമ്പ്രദായം എന്നനിലയില്‍ വിഖ്യാതമാണ് യു.കെയിലെ ഗ്രാമര്‍ സ്‌കൂള്‍ പഠനം. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ വ്യാപരിക്കുന്ന വലിയൊരു സുഹൃത്ത് വലയം സൃഷ്ടിച്ചെടുക്കാനും ഗ്രാമര്‍ സ്‌കൂള്‍ വിദ്യാഭാസത്തിന് കഴിയുന്നു. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളികള്‍ തങ്ങളുടെ കുട്ടികളെ ധാരാളമായി ഗ്രാമര്‍സ്‌കൂള്‍ പ്രവേശനത്തിന് ചിട്ടയായി ഒരുക്കുന്നതും.

2021 ലെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യുക്മ ജൂലൈ മാസത്തില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന പരീക്ഷകളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്മ ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കുന്നതാണ്.

ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാന്‍ ഇത് സഹായകരമായിരിക്കും.

സൗജന്യ മത്സര പരീക്ഷകള്‍ക്ക് മുന്നോടിയായി പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ഒരു വെബ് സെമിനാര്‍ യുക്മ സംഘടിപ്പിച്ചിരുന്നു. ജൂണ്‍ ആറാംതീയതി രണ്ടു സെഷനുകളായി നടന്ന സെമിനാറില്‍ നൂറുകണക്കിന് മാതാപിതാക്കള്‍ ആണ് പങ്കെടുത്തത്. ഇനിയും പങ്കെടുക്കാന്‍ സാധിക്കാത്ത നിരവധി രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ജൂണ്‍ 27 ശനിയാഴ്ച 12 മണിക്ക് മറ്റൊരു വെബ്സെമിനാര്‍ കൂടി സംഘടിപ്പിക്കുകയാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവര്‍ അറിയിച്ചു. സെമിനാറില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ www.uukma11plus.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടര്‍ വേവ്‌സ് ന്റെ ബിജു ആര്‍ പിള്ളയാണ് വെബ് സെമിനാര്‍ നയിക്കുന്നത്. മലയാളമനോരമ ഹൊറൈസണ്‍ വെബ് സെമിനാര്‍ പോലുള്ള നിരവധി ശ്രദ്ധേയമായ പരിപാടികള്‍ നിയന്ത്രിച്ചിട്ടുള്ള പരിശീലകനാണ് ബിജു ആര്‍ പിള്ള. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് എല്ലാവരും പരമാവധി ശ്രദ്ധിക്കണമെന്ന് യുക്മ ദേശീയ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions