ലോക ജനതയുടെ നെഞ്ചിടിപ്പേകി കോവിഡ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് . കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തരമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നു ആവശ്യപ്പെട്ടു 32 രാജ്യങ്ങളില്‍ നിന്നുള്ള 239 വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ദിവസങ്ങളില്‍ ഈ കത്ത് പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് വിവരം.
വായുവിലെ ചെറിയ കണങ്ങളില്‍ കൊറോണ വൈറസ് ഒളിച്ചിരിക്കാമെന്നും അതുകൊണ്ടു വീടിനകത്ത് ആയിരിക്കുമ്പോള്‍ പോലും മാസ്കുകള്‍ ആവശ്യമായി വരാം എന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കോവിഡ് പ്രോട്ടോകോള്‍ തന്നെ മാറ്റേണ്ടിവരും.
അതേസമയം, വായുവിലൂടെ പകരുന്നത് സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഇത് മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന കോവിഡ് പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് വിദഗ്ധ സംഘത്തിന്റെ ആവശ്യം. നിലവില്‍, കോവിഡ് ബാധിതരുമായുള്ള സാമ്പര്‍ക്കം മൂലമോ, വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെയോ രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെയോ ഒക്കെയാകും പ്രധാനമായും വൈറസ് പടരുക എന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
മാസങ്ങളായി കോവിഡ് വായുവിലൂടെ പടരുമോ എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പഠനങ്ങളാണ് ഇത് സാധൂകരിക്കുന്ന ചില തെളിവുകളിലേക്ക് എത്തിച്ചതെന്നും കത്തില്‍ പറയുന്നു. ഇനിയും അതേക്കുറിച്ച് സമഗ്ര പഠനം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരമൊരു സാധ്യതയ്ക്ക് വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനെഡെറ്റ അലെഗ്രാന്‍സി പറഞ്ഞു.