യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ല്‍ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അന്‍സലും സാമും ജോഷ്വായും തീര്‍ത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലെ " ഉയിരിന്‍ നാഥനേ" എന്ന ഗാനം ശ്രുതി മധുരമായി വയലിനില്‍ വായിച്ച് കൊണ്ട് അന്‍സല്‍ തുടക്കം കുറിച്ച ഷോ ഒരു മണിക്കൂറോളം നീണ്ട് നിന്നു. തുടര്‍ന്ന് ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെയിലെ "തുജെ ദേഖാ തോ യെ ജാനാ സനം" എന്ന ഗാനം സാം അതി മനോഹരമായി ഗിറ്റാറില്‍ വായിച്ചപ്പോള്‍ അടുത്ത ഊഴം ജോഷ്വായുടേതായിരുന്നു.
2019 ല്‍ പുറത്തിറങ്ങിയ മര്‍ജാവാന്‍ എന്ന ഹിന്ദി ചിത്രത്തിലെ "തും ഹി ആനാ" എന്ന ഗാനം പിയാനോയില്‍ ശ്രവണ സുന്ദരമായി വായിച്ച് കൊണ്ടായിരുന്നു ജോഷ്വായുടെ ഷോയിലെ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
"LET'S BREAK IT TOGETHER" ഷോയുടെ അടുത്ത ലൈവ് ശനിയാഴ്ച വൈകുന്നേരം 5 PM ന് ( ഇന്ത്യന്‍ സമയം രാത്രി 9:30) ആയിരിക്കും.
പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.