ദുബായ്: തങ്ങളുടെ വിമാനയാത്രയ്ക്കിടെ കോവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകള്‍ക്ക് 1.3 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31വരെ എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്‌സ് നല്‍കും. കൂടാതെ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് ക്വാറന്റീന്‍ ചെലവുകള്‍ക്ക് നല്‍കാനും പുതിയസംവിധാനം ഏര്‍പ്പെടുത്തി.
ഈ സേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല. എമിറേറ്റ്‌സ് ഉപയോക്താക്കള്‍ക്ക് സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്നമല്ല. ഇതിനായി പ്രത്യേക രജിസ്ട്രേഷന്‍വേണ്ട. ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്രചെയ്യുന്ന ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക.
ഉപഭോക്താക്കള്‍ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം ഉണ്ടാവും. അന്താരാഷ്ട്രതലത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു ഓഫര്‍ . വിവരങ്ങള്‍ക്ക്: www.emirates.com/COVID19assistance.