മെറിന് കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി നഴ്സ് സമൂഹം; സംസ്കാരം ബുധനാഴ്ച താമ്പാ ക്നാനായ പള്ളിയില്‍
ഫ്ലോറിഡ/കോട്ടയം: ഫ്ലോറിഡയിലെ മയാമിയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ സംസ്കാരം ബുധനാഴ്ച താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍. രാവിലെ 11 മണിയ്ക്ക് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. മയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും. തുര്‍ന്ന് അമേരിക്കന്‍ സമയം 2 മുതല്‍ 6 വരെ (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30) ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ.സ്കെറാനോ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇവിടെയാണ് സഹപ്രവര്‍ത്തകര്‍ മെറിനു യാത്രാമൊഴി നല്‍കുക.
മയാമി കോറല്‍ സ്പ്രിങ്സ് ആശുപത്രി വളപ്പിലെ പാര്‍ക്കിങ് ഏരിയയ്ക്കു സമീപം മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി എത്തിയാണ് സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കോവിഡ് കാലമായതിനാല്‍ യോഗം ഓണ്‍ലൈന്‍ വഴിയാണു സംഘടിപ്പിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന വിവരം ശനിയാഴ്ച ഉച്ചയോടെയാണ് മോനിപ്പള്ളിയിലുള്ള പിതാവിനെയും അമ്മയെയും അറിയിച്ചത്. മെറിന്റെ മകളായ നോറ (2) ഇപ്പോള്‍ മോനിപ്പള്ളിയിലെ വീട്ടിലാണ് .
28നു പ്രാദേശിക സമയം രാവിലെ 7.30നു മെറിന്‍ ജോലി നോക്കുന്ന കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടര്‍ന്ന് മെറിന്റെ ദേഹത്ത് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍) അറസ്റ്റിലാണ്.
കോറല്‍ സ്പ്രിങ്സിലെ ജോലി വിട്ട് താമ്പായിലെ സെന്റ് ജോസഫ്സ് ആശുപത്രി ഗ്രൂപ്പില്‍ മെറിന്‍ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു കൊലപാതകം. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ്, മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിന്‍ ജോയി.