വിദേശം

ബെയ്‌റൂട്ടില്‍ ഹിരോഷിമയെ അനുസ്മരിപ്പിക്കുന്ന വമ്പന്‍ സ്ഫോടനം; 100 പേര്‍ മരിച്ചു, ആയിരങ്ങള്‍ക്ക് പരുക്ക്


ലെബനണ്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ പോര്‍ട്ടിലുണ്ടായ ഉഗ്ര സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു നടുങ്ങി ലോകം. ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തെ അനുസ്മരിപ്പിക്കുന്ന സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെടുകയും, ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധിപ്പേരെ കാണാതായി. ലെബനീസ് തലസ്ഥാനത്തിന്റെ ഒരു ഭാഗം ശവപ്പറമ്പ് ആക്കിമാറ്റിക്കൊണ്ടാണ് ഒരു ചെറിയ ആണവ ബോംബ് പൊട്ടിയ അവസ്ഥ രൂപപ്പെട്ടത്. പോര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ വരുന്ന സ്‌ഫോടക ശേഷിയുള്ള അമോണിയം നൈട്രേറ്റാണ് കനത്ത സ്‌ഫോടനത്തിന് വഴിവെച്ചത്. ആറ് വര്‍ഷത്തോളമായി പോര്‍ട്ടിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഫെര്‍ട്ടിലൈസര്‍ ബോംബുകളിലെ പ്രധാന പദാര്‍ത്ഥമാണ് തീപിടുത്തത്തിന് ഒടുവില്‍ സ്‌ഫോടനത്തിലേക്ക് നയിച്ചത്. ആളുകള്‍ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആണവസ്ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലര്‍ പറയുന്നു.

ഹിരോഷിമയില്‍ ആണവ ബോംബ് പതിച്ചതിന് സമാനമായ ദൃശ്യങ്ങളാണ് ബെയ്‌റൂട്ടിലെ അന്തരീക്ഷത്തില്‍ ദൃശ്യമായത്. ആദ്യം തീപിടുത്തത്തിന്റെ ചെറിയ പുക ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുകയും, തുടര്‍ന്ന് അപ്രതീക്ഷിതമായി വലിയ പൊട്ടിത്തെറി ഉണ്ടാകുകയും, സമീപത്തുള്ള കെട്ടിടങ്ങള്‍ ഒന്നടങ്കം നിലംപൊത്തുന്നതിന്റെയും ഭീതിതമായ കാഴ്ചയായിരുന്നു. പിന്നാലെ ആകാശത്ത് കൂണ്‍ രൂപത്തില്‍ പുക ഉയര്‍ന്നു. സ്‌ഫോടനത്തില്‍ 4000-ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായാണ് കരുതുന്നത്. 125 മൈല്‍ അകലെയുള്ള സൈപ്രസില്‍ വരെ സ്‌ഫോടനശബ്ദം കേട്ടിരുന്നു.

സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉത്തരവാദികള്‍ ആയവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് പറഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ലെബനന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. 3 ടണ്‍ ടിഎന്‍ടിക്ക് സമാനമായ സ്‌ഫോടനമാണ് അപകടകരമായ കെമിക്കലുകള്‍ മൂലം സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. ഇത് രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് ആണവ ബോംബിന്റെ 20% വരുമെന്നാണ് കണക്ക്.

ഒരു കപ്പലില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്തവയാണ് ഈ കെമിക്കലുകള്‍. ഇവ പോര്‍ട്ടില്‍ സൂക്ഷിച്ച് വരികയായിരുന്നുവെന്ന് ജനറല്‍ സെക്യൂരിറ്റി ചീഫ് അബ്ബാസ് ഇബ്രാഹിം വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കനത്ത ആള്‍നാശവും, ഇന്‍ഫ്രാസ്ട്രക്ചര്‍ നാശവുമാണ് സംഭവിച്ചിരിക്കുന്നത്. പോര്‍ട്ടിന് പുറമെ, എയര്‍പോര്‍ട്ട്, ഹോസ്പിറ്റലുകള്‍ എന്നിവയും പൊട്ടിത്തെറിയുടെ ആഘാതം ഏറ്റുവാങ്ങി. കെട്ടിടങ്ങളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ലെബനണ്‍ റെഡ് ക്രോസ് വ്യക്തമാക്കി. പോര്‍ട്ടില്‍ നിന്ന് ആറ് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടിനും കേടുപാട് സംഭവിച്ചു.

പ്രദേശത്തു രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രാഥമിക വിവരം. ഇതുപോലൊരു സ്‌ഫോടനം ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ബെയ്‌റൂട്ട് ഗവര്‍ണര്‍ പ്രതികരിച്ചു.

അതിനിടെ , ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനം ആക്രമണമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സഹായത്തിന് ഒപ്പമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ സ്‌ഫോടനം ആസൂത്രിതമായ ആക്രമണമാണെന്ന് ട്രംപിന് വിവരം ലഭിച്ചതെങ്ങനെയാണെന്ന് അറിയില്ലെന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ലെബനനിലേത് ഒരു സ്‌ഫോടനമാണെന്ന് വിലയിരുത്താന്‍ സാധിക്കില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions