ബീനാ റോയിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' പ്രകാശനം ചെയ്തു
സര്‍ഗ്ഗാത്മക കൃതികള്‍കൊണ്ട് കവിതാ ലോകത്തെ സമ്പുഷ്ടമാക്കുന്ന കവയത്രി ബീനാ റോയിയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' പ്രകാശനം ചെയ്തു.മലയാള സാഹിത്യലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണനാണ് പ്രകാശനം നടത്തിയത്. പുസ്തകം ഏറ്റുവാങ്ങിയത് അധ്യാപകനും കവിയുമായ എ.വി. പവിത്രനാണ്.
ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ദാര്‍ശനികത്വത്തിന്റെ നനുത്ത മഞ്ഞുപാടങ്ങളും താണ്ടിയെത്തുന്ന അറുപത് കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒട്ടേറെ ചിന്തനീയമായ കൃതികളാല്‍ സാഹിത്യലോകത്ത് അക്ഷരദീപ്തി പകരുന്ന കൈരളി ബുക്‌സാണ് കവിതാസമാഹാരം വായനക്കാരിലേക്കെത്തിക്കുന്നത്.
'ചൂടാറാത്ത വാക്കുകളെ അംഗവസ്ത്രമണിയിച്ച് അക്ഷരവേദിയിലേക്കെത്തിക്കാന്‍ ബീന റോയിക്ക് കഴിയുന്നു' എന്ന് സമാഹാരത്തിന്റെ മുഖവുരയില്‍ കവിയും ഗാനരചയിതാവുമായ പി.കെ ഗോപിയുടെ വാക്കുകള്‍.
പ്രൗഢമായ വാക്ചിത്രങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന ബീന റോയിയുടെ ഏറെ നല്ല അവലോകനം ലഭിച്ച ആദ്യകവിതാസമാഹാരമായ 'ക്രോകസിന്റെ നിയോഗങ്ങള്‍' ലണ്ടന്‍ മലയാള സാഹിത്യവേദിയായിരുന്നു പ്രസിദ്ധീകരിച്ചത്.
രണ്ട് സംഗീതആല്‍ബങ്ങളിലായി പത്ത് ഗാനങ്ങള്‍ക്ക് സൗഷ്ഠവമായ എഴുത്തുരീതികള്‍ കൈമുതലായുള്ള ഈ കവയത്രി തൂലിക ചലിപ്പിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബമായ ''ബൃന്ദാവനി' ഹൃദയഗന്ധിയായ അഞ്ച് ഗാനങ്ങള്‍ ആസ്വാദകരിലെത്തിച്ചിരുന്നു. 2020ല്‍ റിലീസ് ചെയ്ത ''ഇന്ദീവരം' എന്ന രണ്ടാമത്തെ ആല്‍ബം വളരെയേറെ പ്രേക്ഷക സമ്മതിയോടെ മുന്നേറുന്നു. ഈ ആല്‍ബത്തിലെ ഭാവമധുരമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗര്‍ഷോം ടി.വിയാണ് രണ്ട് ആല്‍ബങ്ങളും പ്രേക്ഷകരിലേക്കെത്തിച്ചത്.
സര്‍ഗ്ഗചാരുത ഏറെ കൈമുതലായുള്ള ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം കൈരളി ബുക്‌സില്‍നിന്ന് സാഹിത്യാസ്വാദകര്‍ക്ക് ലഭ്യമാണ്.