വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേശകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റീനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ക്വാറന്റീനില്‍ തുടരുമെന്നും വൈകാതെ രോഗമുക്തരായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടെ ഹോപ് ഹിക്‌സ് അംഗമായിരുന്നു. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.
ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. ഓണ്‍ലൈന്‍ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും എല്ലാ സ്‌റ്റേറ്റുകളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതായിരുന്നു ട്രംപിന്റെ രീതി.
കോവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കോവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കോറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍. ട്രംപിന്റെ കോവിഡ് പ്രതിരോധം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇതുവരെ 7,494,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 212,660 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്‍പത്തിയേഴ് ലക്ഷം കടന്നു. ബ്രസീലില്‍ ഇതുവരെ 4,849,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 144,767 പേര്‍ മരിച്ചു. 4,212,772 പേര്‍ രോഗമുക്തി നേടി.