മറൈന്‍ വണ്‍ ഹെലികോപ്റ്ററില്‍ വൈറ്റ് ഹൗസിലേക്ക് ട്രംപ് വന്നിറങ്ങുന്നതെല്ലാം സിനിമാ ചിത്രീകരണം പോലെ ചിത്രീകരിച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് എന്നാണ് വിവരം. വൈറ്റ് ഹൗസിലെ മുറ്റത്ത് വച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്ത ട്രംപ് അതിനു ശേഷം വൈറ്റ്ഹൗസ് മന്ദിരത്തിന്റെ ബാല്‍ക്കണിയിലെത്തി പുറത്തേക്ക് കൈവീശി കാണിക്കുകയും ഹെലികേപ്റ്റര്‍ പറന്നുയരുമ്പോള്‍ സല്യൂട്ട് നല്‍കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സല്യൂട്ട് നല്കുന്ന സമയത്ത് ട്രംപ് മാസക് ധരിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
'പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്, വ്യാജ സര്‍വേകള്‍ പോലെ' എന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ജോ ബൈഡന് ട്രംപിനെക്കാള്‍ പത്തു പോയിന്റ് ലീഡ് ഉണ്ടായിരുന്നു. ഉടനെ പ്രചാരണത്തിനെത്തും എന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോവിഡിനോടുള്ള ട്രംപിന്റെ തുടക്കം മുതലുള്ള സമീപനം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി ട്രംപ് അനുയായികളെ കാണാനും കൈവീശി കാണിക്കാനും എത്തിയിരുന്നു. താന്‍ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്ന് ട്രംപ് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. ട്രംപിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന രഹസ്യ വിഭാഗം ഉദ്യോഗസ്ഥന്മാര്‍ മെഡിക്കല്‍ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീല്‍ഡ്, സുരക്ഷാ ഗൗണ്‍ എന്നിവ ധരിച്ചിരുന്നു.
രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് അവരുടെ ജീവനാണ് അപകടത്തില്‍ പെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം എന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. 74 കാരനായ ട്രംപിനു ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളതായി കഴിഞ്ഞ ദിവസം റിപ്പാര്‍ട്ട് ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള' കോവിഡ് രോഗികള്‍ക്കായി താന്‍ വൈറസിനെതിരെ പോരാടുകയാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു.
കോവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കോവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കോറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍. ട്രംപിന്റെ കോവിഡ് പ്രതിരോധം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു
കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടെ ഹോപ് ഹിക്‌സ് അംഗമായിരുന്നു. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.