മലയാള ഭാഷയുടെ മുഴുവന്‍ മഹത്വവും മനോഹാരിതയും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ കഴിയും വിധമുള്ള വശ്യതയാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ യുക്മ കേരളപിറവി ദിനാഘോഷത്തിന് വേണ്ടി അണിയറയില്‍ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യുക്മ ഫേസ്ബുക്ക് പേജില്‍ ആരംഭിക്കുന്ന ലൈവ് ഷോയില്‍ ബ്രിട്ടണിലെ സര്‍ഗ്ഗധനരായ ഒരു കൂട്ടം ഗായകര്‍ തങ്ങളുടെ ദേവസംഗീതവുമായി ഒത്ത് ചേരുകയാണ്.
യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍2 വിജയിയും യുകെയിലെ മുന്‍നിര ഗായികയുമായ അനു ചന്ദ്ര ഒരു അനുഗ്രഹീത ഗായികയാണ്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സ്വന്തം പിതാവില്‍ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച് തുടങ്ങിയ അനു, പദ്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്‍ സാറില്‍ നിന്നും കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടി. ബ്രിസ്റ്റോളിലെ ജോസ് ജെയിംസ് (സണ്ണി) സാറിന് കീഴില്‍ ശാസ്ത്രീയ സംഗീത പഠനം തുടരുന്ന അനു യുകെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. സിംഗ് വിത്ത് എം.ജി. ശ്രീകുമാര്‍ കണ്‍ടസ്റ്റ് വിന്നറായിരുന്ന അനു സ്റ്റീഫന്‍ ദേവസ്സി ഷോയിലെ ഫസ്റ്റ് റണ്ണറപ്പും യുക്മ കലാമേളയില്‍ വ്യക്തിഗത ചാമ്പ്യനുമായിരുന്നു. വില്‍റ്റ്ഷയറിലെ സ്വിന്‍ഡനിലാണ് അനു ചന്ദ്ര താമസിക്കുന്നത്.
ആലാപന മികവ് കൊണ്ട് യുകെ മലയാളി ഗായകരില്‍ ഏറെ ശ്രദ്ധേയനാണ് സോളിഹള്‍ നിവാസിയായ ഹരികുമാര്‍ വാസുദേവന്‍. യുക്മ സ്റ്റാര്‍ സിംഗര്‍ 2018 ലെ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഈ അനുഗ്രഹീത ഗായകന്‍. നിരവധി വേദികളില്‍ പാടുവാന്‍ അവസരം ലഭിച്ചിട്ടുള്ള ഹരികുമാര്‍ യുകെയിലെ സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ്.
യുക്മ സ്റ്റാര്‍ സിംഗര്‍, സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസ്സി ഷോകളിലൂടെ സംഗീത പ്രേമികള്‍ക്ക് ഏറെ പരിചിതയായ ഗായികയാണ് അയര്‍ലണ്ടില്‍ നിന്നുള്ള ജാസ്മിന്‍ പ്രമോദ്. മനോഹര ശബ്ദത്തിനുടമയായ ജാസ്മിന്‍ യുക്മ സ്റ്റാര്‍ സിംഗറിലും സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസ്സി ഷോയിലും ഫസ്റ്റ് റണ്ണറപ്പായിരുന്നു. ഗുരു സൌമ്യ ഉണ്ണികൃഷ്ണനു (ദുബായ്) കീഴില്‍ ശാസ്ത്രീയ സംഗീത പരിശീലനം തുടരുന്ന ജാസ്മിന്‍ യുകെയിലും അയര്‍ലണ്ടിലുമായി നൂറ് കണക്കിന് വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.
യുകെയിലെ പുതു തലമുറ ഗായികമാരില്‍ ഏറെ ശ്രദ്ധേയയാണ് ആനി അലോഷ്യസ് എന്ന യുവ ഗായിക. യുക്മ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ 2014, 2017 വര്‍ഷങ്ങളില്‍ കലാതിലകമായ ആനി 2013 ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കണ്‍ടസ്റ്റ്, സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസ്സി ഷോ എന്നിവയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കര്‍ണാടക സംഗീതം, വെസ്റ്റേണ്‍ മ്യൂസിക്, ശാസ്ത്രീയ നൃത്തം, പിയാനോ എന്നിവയില്‍ പരിശീലനം തുടരുന്ന ആനി, എന്‍ഫീല്‍ഡില്‍ നടന്ന യുക്മ ആദരസന്ധ്യ ഉള്‍പ്പടെ നൂറ് കണക്കിന് വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഈസ്റ്റ് ആംഗ്‌ളിയയിലെ ലൂട്ടനിലാണ് ഈ കൊച്ച് മിടുക്കി താമസിക്കുന്നത്.
ബിര്‍മിംഗ്ഹാമില്‍ നിന്നുള്ള ഫ്രയ സാജുവെന്ന കൌമാരക്കാരി യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ്. 6 വയസ്സ് മുതല്‍ വയലിനിലും പിയാനോയിലും പരിശീലനം നടത്തി വരുന്ന ഫ്രയ വയലിനില്‍ ഗ്രേഡ് 6 ലും പിയാനോയില്‍ ഗ്രേഡ് 4 ലും എത്തി നില്‍ക്കുന്നു. ബര്‍മിംഗ്ഹാം കേരളവേദിയിലൂടെ തന്റെ കലാപ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ച ഫ്രയ നിരവധി സ്റ്റേജുകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്ത സംഗീത അധ്യാപികയായ ആരതി അരുണ്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടത്തി വരുന്ന സമര്‍പ്പണ എന്ന ചാരിറ്റി ഷോയിലും, ലണ്ടന്‍ അസഫിയന്‍സ് നടത്തിയ ജോയ് ടു ദി വേള്‍ഡ് എന്ന പ്രോഗ്രാമിലും മറ്റ് നിരവധി ചാരിറ്റി ഷോകളിലും ഫ്രയ പങ്കെടുത്തിട്ടുണ്ട്. സീറോ മലബാര്‍ നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ ഫ്രയ കഴിഞ്ഞവര്‍ഷത്തെ കലോത്സവത്തില്‍ വയലിനിലും പിയാനോയിലും വിന്നറായിരുന്നു. ബര്‍മിംഗ്ഹാം സ്ട്രിംഗ് സിംഫോണിയ ഓര്‍ക്കസ്ട്ര മെമ്പറായ ഫ്രയ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന കണ്‍സേര്‍ട്ട് ലീഡര്‍ ആയിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും റോയല്‍ ബര്‍മിംഗ്ഹാം കണ്‍സര്‍വറ്റൊയറും ചേര്‍ന്ന് നടത്തിയ 88 പിയാനിസ്റ്റ്‌സ് ഓണ്‍ വണ്‍ പിയാനോ വേള്‍ഡ് റിക്കോര്‍ഡ് പെര്‍ഫോമന്‍സില്‍ ഫ്രയയും അംഗമായിരുന്നു. വെസ്റ്റേണ്‍ മ്യൂസിക്കില്‍ പരിശീലനം നേടുന്ന ഫ്രയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ സ്വന്തമായി പരിശീലിച്ചെടുക്കുന്നതാണ്.
ഗായകനെന്ന നിലയിലും അക്ഷരശ്ലോകം, കാവ്യകേളി വേദികളിലൂടെയും യുകെ മലയാളികള്‍ക്ക് സുപരിചിതനാണ് ശ്രീകാന്ത് താമരശ്ശേരി. യുക്മ കലാമേളകളില്‍ റീജിയണല്‍, നാഷണല്‍ തലങ്ങളില്‍ സംഘഗാനം വിഭാഗത്തിലെ സ്ഥിരം വിജയികളായ ബര്‍മിംഗ്ഹാം ബി.സി.എം.സി ടീമിനെ നയിക്കുന്ന ശ്രീകാന്തിനൊപ്പം ഭാര്യ ഗായത്രി ശ്രീകാന്ത്, മകന്‍ ആദിത്യ ശ്രീകാന്ത് എന്നിവരും ബര്‍മിംഗ്ഹാമിലെ തന്നെ ഷൈജി അജിത്തും ചേരുമ്പോള്‍ കേരളപിറവി ദിനാഘോഷത്തിലെ ഗായകനിര പൂര്‍ത്തിയാകുന്നു.
സംഗീത പ്രേമികള്‍ക്ക് ഏറെ പരിചിതരും അനുഗ്രഹീത ഗായകരുമായ അനു ചന്ദ്ര, ഹരികുമാര്‍ വാസുദേവന്‍, ജാസ്മിന്‍ പ്രമോദ്, ശ്രീകാന്ത് താമരശ്ശേരി, ഗായത്രി ശ്രീകാന്ത്, ഷൈജി അജിത് എന്നിവരോടൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ ഗായകര്‍ ആനി അലോഷ്യസ്, ഫ്രയ സാജു, ആദിത്യ ശ്രീകാന്ത് എന്നിവരും ചേരുമ്പോള്‍ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ സംഗീത മുഹൂര്‍ത്തമായി മാറും.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെകട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ ദേശീയ സമിതിയും റീജിയണല്‍ കമ്മറ്റികളും ഒരേ മനസ്സോടെ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ മുഹൂര്‍ത്തമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ്.
യുക്മ കലാഭൂഷണം പുരസ്‌കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായര്‍ ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോള്‍ ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കുന്നത് യുകെയിലെ പ്രശസ്തമായ റെക്‌സ് ബാന്‍ഡിലെ റെക്‌സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്തു .