യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഔദ്യോഗീക ഉദ്‌ഘാടനം ഡിസംബര്‍ 12ന് 26 വരെ രജിസ്റ്റര്‍ ചെയ്യാം
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ 12 ശനിയാഴ്ച എസ്പിബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ , സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ ദേശീയമേളക്ക് തിരിതെളിയുമ്പോള്‍ , അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, കഴിഞ്ഞ പത്തു കലാമേളകളില്‍ നിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങള്‍ ഈ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 26 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 30 തിങ്കളാഴ്ചയ്ക്ക് മുന്‍പായി, നിബന്ധനകള്‍ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
പ്രസംഗ വിഷയങ്ങള്‍ :
സീനിയേഴ്സ് -
പ്രവാസി മലയാളിയുടെ സ്വത്വ വ്യതിയാനങ്ങള്‍
കോവിഡിനു മുന്‍പും ശേഷവും
ജൂനിയേഴ്സ് -
ഇംഗ്ലീഷ് - The importance of arts in education
മലയാളം - കോവിഡ് കാലത്തെ അതിജീവനം: കുടുംബം - സമൂഹം
സബ് ജൂനിയേഴ്സ് -
മലയാളം - മൂല്യബോധവും കുട്ടികളും
ഇംഗ്ലീഷ് - My dream and my ambition
യുക്മയുടെ സഹയാത്രികന്‍ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, നഴ്സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാമൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്.
കലാമേള നഗര്‍ നാമകരണത്തിനും ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനുമായുള്ള വാശിയേറിയ മത്സരങ്ങളോടെയായിരുന്നു പതിനൊന്നാമത് യുക്മ ദേശീയ മേളയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. നഗറിന് പേര് നിര്‍ദ്ദേശിച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോര്‍ക്ഷെയര്‍ & ഹംമ്പര്‍ റീജിയണിലെ, കീത്തിലി മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ഫെര്‍ണാണ്ടസ് വര്‍ഗീസ് ആണ്. കൂടാതെ ജിജി വിക്ടര്‍, ടെസ്സ സൂസന്‍ ജോണ്‍, സോണിയ ലുബി എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചു.
കലാമേള ലോഗോ മത്സരത്തില്‍ ഈസ്റ്റ്ബോണില്‍ നിന്നുമുള്ള സജി സ്കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ) ഈസ്റ്റ് ബോണിന്റെ പി ആര്‍ ഒ കൂടിയാണ് സജി സ്കറിയ. നഗര്‍-ലോഗോ മത്സര വിജയികളെ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്ക്കാരം നല്‍കി ആദരിക്കുന്നതാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഈ വര്‍ഷം ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച "LET'S BREAK IT TOGETHER"ന്റെ ഗംഭീര വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കലാമേളയുടെ മത്സര നിബന്ധനകള്‍ വിവരിച്ചുകൊണ്ടുള്ള ഇ-മാന്വൽ അംഗ അസോസിയേഷനുകള്‍ക്ക് നേരത്തേ തന്നെ അയച്ചുകൊടുത്തിരുന്നു.
ദീര്‍ഘമായ യാത്രകള്‍ ഒഴിവാക്കി ദേശീയ മേളയില്‍ നേരിട്ട് പങ്കെടുക്കാമെന്നത് പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ മത്സരാര്‍ത്ഥികളെയും മാതാപിതാക്കളെയും കൂടുതലായി ആകര്‍ഷിക്കുന്നു എന്നാണ് ഇതുവരെയുമുള്ള രജിസ്‌ട്രേഷന്‍ പുരോഗതി വ്യക്തമാക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ദേശീയ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (07946565837), വൈസ്പ്രസിഡന്റ് ലിറ്റി ജിജോ (07828424575) തുടങ്ങിയവരുമായോ, അതാത് റീജിയണല്‍ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.