വോക്കിങ് കാരുണ്യ സമാഹരിച്ച 180000 രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും കൈമാറി
ഇലഞ്ഞി: വോക്കിങ് കാരുണ്യയുടെ എണ്‍പത്തിഒന്നാമതു സഹായമായ ഒരു ലക്ഷത്തിഎണ്‍പതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തില്‍ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്തു കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരത്തില്‍നിന്ന് വീണു അരക്കു താഴെ തളര്‍ന്നു കിടപ്പിലായി. നിരവധി ചികിത്സകള്‍ ചെയ്ത് നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങള്‍ പോലും പരസഹായമില്ലാതെ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആകെയുള്ള 14 സെന്റ് സ്ഥാലത്ത് പഞ്ചായത്ത് പണുതുകൊടുത്ത ചെറിയ ഒരു ഭാവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.
എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകന്‍ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി.അവരുടെ പ്രതിക്ഷകള്‍ പൂവണിയാന്‍ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതില്‍ ഇലക്ട്രിക്ഷന്‍ വര്‍ക്കും മറ്റ് പണികളും ചെയ്ത് മാണിക്കും അമ്മക്കും തണലായി മുന്നില്‍ നില്ക്കുമ്പോള്‍ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ്കാന്‍സറിന്റെ രൂപത്തില്‍ വിധി പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകന്റെ അസുഖം മാണിയെയും കുടുംബത്തെയും തളര്‍ത്തി കളഞ്ഞു.തിരുവനന്തപുരം RCC യിലെ നീണ്ട ഒരു വര്‍ഷത്തെ തുടര്‍ച്ചയായ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടില്‍ തിരിച്ചെത്തി. ദീര്‍ഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളര്‍ന്നുകിടക്കുന്ന മാണി മരുന്നുകള്‍പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാന്‍സര്‍ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലതികം രൂപ വേണം. രണ്ടു പേര്‍ക്കും കൂടി മരുന്ന് വാങ്ങാന്‍ പലപ്പോഴും പൈസ തികയാത്തതിനാല്‍ മകനു വേണ്ടി തന്റെ മരുന്നുകള്‍ പലപ്പോഴും വേണ്ടന്ന് വയ്ക്കയാണ് മാണി.
അനുദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാന്‍ കഴിയാത്ത തളര്‍ന്നുകിടക്കുന്ന മാണിയും കാന്‍സര്‍ രോഗിയായ മകനും ജീവിത യാഥാര്‍ഥ്യങ്ങക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മാണിക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകാന്‍ മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യ നന്ദി അറിയിച്ചു.