യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഇന്ന്,ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ മേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തങ്ങളായ നിരവധി ഉത്സവങ്ങള്‍ക്ക് മേള പ്രമാണിയായ പ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ആണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകന്‍.
യു കെ സമയം രാവിലെ പതിനൊന്ന് മണിക്കാണ് (ഇന്ത്യന്‍ സമയം വൈകുന്നേരം 4:30) ദേശീയ കലാമേളയുടെ ഉദ്ഘാടനം നടക്കുക. യു കെ യിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനില്‍ അവതരിപ്പിക്കുന്ന രംഗപൂജയോട് കൂടെ ഉദ്ഘാടന പരിപാടികള്‍ സമാരംഭിക്കും. സൂര്യ ടി വി യിലൂടെ അവതാരകയായി ശ്രദ്ധേയയായ യു കെ യിലെ അറിയപ്പെടുന്ന നര്‍ത്തകിയും അവതാരകയുമായ ദീപ നായര്‍ ആണ് അവതരണത്തിന്റെ മികവുമായി ദേശീയ കലാമേളയ്ക്ക് മിഴിവേകാന്‍ എത്തുന്നത്.
19 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രീതിയിലാണ് യുക്മ ദേശീയ കലാമേള മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്.
കലാമേള ഉദ്ഘാടന വേദിയില്‍ യുക്മ കലണ്ടര്‍ 2021 ന്റെ പ്രകാശനവും നടക്കുന്നതാണ്. 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന പുതുമയാര്‍ന്ന ഒരു സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഇതോടൊപ്പം ഒരുക്കുന്നുണ്ട്.
ബ്രാന്‍ഡ്‌ന്യൂ Peugeot 108 കാര്‍ ഒന്നാം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് യുക്മ നടത്തിയ യു ഗ്രാന്റ് ലോട്ടറിയുടെ സ്വര്‍ണ്ണനാണയ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും ദേശീയ കലാമേള ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ, യുക്മ യു ഗ്രാന്റ് ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ്.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, അതിനെ സഹര്‍ഷം ഏറ്റെടുക്കണമെന്നും മത്സരാര്‍ത്ഥികളെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ കലാമേള കോര്‍ഡിനേറ്റര്‍ അഡ്വ എബി സെബാസ്റ്റ്യന്‍, കണ്‍വീനര്‍മാരായ ലിറ്റി ജിജോ, സാജന്‍ സത്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.